കാലിഫ് 2025 മാപ്പിളപ്പാട്ട് മത്സരം; കെ.എം.സി.സി വേങ്ങര, വണ്ടൂർ, പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റികൾ ഫൈനലിൽ
text_fieldsമലപ്പുറം കെ.എം.സി.സി ‘കാലിഫ് 2025’ മാപ്പിളപ്പാട്ട് മത്സരം ഉദ്ഘാടന ചടങ്ങിൽനിന്ന്
റിയാദ്: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കാലിഫ് 2025 -കലയുടെ കാഴ്ചകൾ’ മാപ്പിള കലോത്സവം തുടരുന്നു. മാപ്പിളപ്പാട്ട് മത്സരങ്ങളിൽ ശക്തമായ വാശിയേറിയ പ്രകടനങ്ങളാണ് അരങ്ങേറിയത്. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുത്ത പുരുഷ വിഭാഗം ഗ്രൂപ്പ് മാപ്പിളപ്പാട്ട് മത്സരത്തിൽ, മികച്ച പ്രകടനം കാഴ്ചവെച്ച് വേങ്ങര, വണ്ടൂർ, പെരിന്തൽമണ്ണ നിയോജക മണ്ഡലം കെ.എം.സി.സി ടീമുകൾ ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടി.
വനിത വിഭാഗം വ്യക്തിഗത മാപ്പിളപ്പാട്ട് മത്സരത്തിൽ സഫ, റീമ റിയാസ് (വണ്ടൂർ), രഹ്ന (വേങ്ങര) എന്നിവരും ഗ്രാൻഡ് ഫിനാലെയിലേക്ക് പ്രവേശിച്ചു. അഹമ്മദാബാദിൽ അടുത്തിടെയുണ്ടായ വിമാനാപകടത്തിൽ മരിച്ച പ്രിയപ്പെട്ടവർക്ക് വേണ്ടി ദുഃഖാചരണം രേഖപ്പെടുത്തി ഈ ദിവസത്തെ പരിപാടികൾക്ക് തിരിതെളിഞ്ഞത് എന്നത് ശ്രദ്ധേയമായി. സത്താർ മാവൂർ, സലീം ചാലിയം, ഹംസത്തലി പനങ്ങാങ്ങര എന്നിവരായിരുന്നു വിധിനിർണയം നടത്തിയതും വിജയികളെ പ്രഖ്യാപിച്ചതും.
റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റി പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട്, ‘കാലിഫ് 2025’ ഡയറക്ടർ ഷാഫി തുവ്വൂർ, ആക്ടിങ് ജനറൽ സെക്രട്ടറി സഫീർ കരുവാരക്കുണ്ട്, ഭാരവാഹികളായ മുനീർ വാഴക്കാട്, അർഷദ് ബാഹസ്സൻ തങ്ങൾ, ഷബീറലി പള്ളിക്കൽ, ഷകീൽ തിരൂർക്കാട്, മജീദ് മണ്ണാർമല, സലാം പയ്യനാട് എന്നിവരുടെ നേതൃത്വത്തിൽ സമിതിയംഗങ്ങൾ കലാപരിപാടികൾക്ക് ചുക്കാൻ പിടിച്ചു. മത്സരാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാൻ അലി പാലത്തിങ്ങൾ, സൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, മണ്ഡലം പ്രസിഡൻറുമാരായ ഗഫൂർ പള്ളിക്കൽ, റസാഖ് ഓമാനൂർ എന്നിവർ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

