പറക്കുന്നതിനിടെ വിമാനത്തിലെ കാബിൻ മാനേജർ മരിച്ചു; ജിദ്ദ-ലണ്ടൻ സൗദി എയർലൈൻസിലാണ് സംഭവം
text_fieldsജിദ്ദ: വിമാനം പറക്കുന്നതിനിടെ സൗദി എയർലൈൻസ് കാബിൻ മാനേജർ മരിച്ചു. ജിദ്ദയിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എസ്.വി 119 വിമാനത്തിലാണ് സംഭവം. തന്‍റെ ചുമതലകൾ നിർവഹിക്കുന്നതിനിടെ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് കാബിൻ മാനേജർ മുഹ്സിൻ അൽസഹ്‌റാനി മരിച്ചതെന്ന് സൗദി എയർലൈൻസ് അധികൃതർ അറിയിച്ചു.
ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോൾ തന്നെ സഹപ്രവർത്തകർ അദ്ദേഹത്തിന് പ്രഥമിക ചികിത്സ നൽകി. വിമാനം അടിയന്തരമായി കെയ്‌റോ വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിക്കുന്നതിടെയാണ് മരിക്കുന്നത്. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഈജിപ്തിലെ സൗദി എംബസിയുമായി ഏകോപനം പുരോഗമിക്കുകയാണെന്ന് സൗദി എയർലൈൻസ് അധികൃതർ പറഞ്ഞു. കാബിൻ മാനേജരുടെ മരണത്തിൽ സൗദി എയർലൈൻസ് അനുശോചിച്ചു.
സമർപ്പണത്തിനും അച്ചടക്കത്തിനും അൽ സഹ്‌റാനി ഒരു മാതൃകയാണെന്നും ഉയർന്ന ധാർമികതക്കും പ്രഫഷനലിസത്തിനും സഹപ്രവർത്തകർ അദ്ദേഹത്തെ വളരെയധികം ബഹുമാനിച്ചിരുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഈ അസാധാരണ സാഹചര്യത്തിലും പരമാവധി ഉത്തരവാദിത്തത്തോടെ വിമാനയാത്ര പൂർത്തിയാക്കാൻ ശ്രമിച്ച വിമാന ജീവനക്കാരെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുവെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

