‘ബിസിനസ് അവസരങ്ങളും സാമ്പത്തിക ഉറവിടങ്ങളും’
text_fieldsസിജി ജിദ്ദ ബിഗ് ഗ്രൂപ് സംഘടിപ്പിച്ച ബിസിനസ് മീറ്റ് ‘ബിഗ് കോൺക്ലേവ് 2.0’ൽ ഉമർ അബ്ദുസ്സലാം സംസാരിക്കുന്നു
ജിദ്ദ: സൗദിയിലെ ബിസിനസ് മാറ്റങ്ങൾക്കൊപ്പം ചുവടുവെക്കാനായി മലയാളി ബിസിനസ് സമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സിജി ജിദ്ദ ബിഗ് ഗ്രൂപ് സംഘടിപ്പിച്ച ബിസിനസ് മീറ്റ് ‘ബിഗ് കോൺക്ലെവ് 2.0’ ജനപങ്കാളിത്തം കൊണ്ടും നൂതന ആശയങ്ങൾ കൊണ്ടും ശ്രദ്ധേയമായി.
ജിദ്ദ വോക്കോ ഹോട്ടലിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ, ആരോഗ്യ, ഐടി മേഖലയിലുൾപ്പെടെ വിവിധങ്ങളായ ചെറുകിട, വൻകിട ബിസിനസ് വ്യവസായ പ്രമുഖർ പങ്കെടുത്തു.
ബിസിനസ് ഇൻട്രാക്ടീവ് സെഷൻ ആദ്യഘട്ടത്തിന് സൗദി അൽ ജസീറ ബാങ്ക് ക്രെഡിറ്റ് ഡിപ്പാർട്മെന്റ് ഹെഡ് സാജിദ് പാറക്കൽ നേതൃത്വം നൽകി. സൗദിയിൽ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് പോലും എങ്ങനെ അവരുടെ ബിസിനസിന് ആവശ്യമായ ഫണ്ട്, ബാങ്കുകളുടെ സഹായത്തോടെ കണ്ടെത്താമെന്നതിനെക്കുറിച്ച് അദ്ദേഹം സദസിന് വിശദീകരിച്ചു കൊടുത്തു. ഇജാബ ബിസിനസ് ഗ്രൂപ്പിന്റെ ചീഫ് കൺസൾട്ടന്റ് മുഹമ്മദ് ഹാഷിർ ബിസിനസ് സംരംഭകർ അവരുടെ ഫണ്ട് എങ്ങനെ സൗദിയിൽ അർഥവത്തായ രീതിയിൽ വിനിയോഗിക്കണം എന്നതിനെക്കുറിച്ച് ചെറു വിവരണം നടത്തി. ബിസിനസിനെ ഫലപ്രദമായ രീതിയിൽ ആളുകളിലേക്ക് എത്തിക്കാൻ ഇ-സ്റ്റോർ സംവിധാനത്തെ ഉപയോഗപ്പെടുത്താമെന്നും അതിന് സൗജന്യമായി സിജി ബിഗ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് വഴി ഒരുക്കുമെന്നും വിശദീകരിച്ച സിജി ബിഗ് എക്സ് കോം അംഗം ഇസ്സാം സിദ്ദിഖ് എങ്ങനെയാണ് ഇ-സ്റ്റോറിൽ ബിസിനസിനെ മാർക്കറ്റ് ചെയ്യേണ്ടത് എന്നത് ഉദാഹരണസഹിതം വ്യക്തമാക്കി.എ.ഐ വിദഗ്ധനും എടാറ്റ് സി.ഇ.ഒയുമായ ഉമർ അബ്ദുസ്സലാം എ.ഐയുടെ അനന്തസാധ്യതകളെ എങ്ങനെ ബിസിനസ് വളർച്ചക്ക് അനുകൂലമാക്കി മാറ്റാമെന്ന് സദസിന് പരിചയപ്പെടുത്തി. മീഡിയവൺ ചാനൽ ടീം ബിസിനസ് ഉന്നതിക്കായി രൂപകൽപന ചെയ്ത വിവിധ പ്രൊജക്റ്റുകളെ പരിചയപ്പെടുത്തി. മലയാളി ബിസിനസ് സമൂഹത്തിെൻറ വളർച്ചക്ക് കൂടുതൽ ആക്കം കൂട്ടുന്നതിന് ജനുവരിയിൽ മീഡിയവൺ ജിദ്ദയിൽ ഫ്യൂച്ചർ സമ്മിറ്റ് സംഘടിപ്പിക്കുമെന്നും അറിയിച്ചു. സിജി ജിദ്ദ വുമൺ കലക്റ്റീവ് ഗ്രൂപ് ജനറൽ സെക്രട്ടറി സൗദ കാന്തപുരത്തിന്റെ ‘മഴ മേഘങ്ങളെ പ്രണയിച്ചവൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ചടങ്ങിൽ നടന്നു. ജിദ്ദ സിജി ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ് എക്സിക്യൂട്ടിവ് ഡെപ്യൂട്ടി ഹെഡ് അഷ്ഫാഖ് മേലെകണ്ടി, എക്സിക്യൂട്ടിവ് അംഗങ്ങളായ അഷ്റഫ് കുന്നത്ത്, എൻജി. മുഹമ്മദ് ബൈജു, ഫൈസൽ കുന്നുമ്മൽ, എം.എം. ഇർഷാദ്, റഷീദ് അമീർ, തുടങ്ങിയവർ നേതൃത്വം നൽകി.സിജി ജിദ്ദ ചാപ്റ്റർ ചെയർമാൻ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സിജി ഇൻറർനാഷനൽ ചെയർമാൻ അബ്ദുൽ മജീദ് ആശംസ നേർന്നു. ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ് ഹെഡ് കെ.എം. റിയാസ് സ്വാഗതവും ഷൈമിൻ നജീബ് നന്ദിയും പറഞ്ഞു. സിജി വിഷനറി ലീഡർ കെ.ടി. അബൂബക്കർ ഖിറാഅത്ത് നടത്തി. ഷംന, ഫാത്തിമ ഹനാൻ എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

