ഖുർആൻ കത്തിച്ചത് ബോധപൂർവമായ പ്രകോപനം -സൗദി മനുഷ്യാവകാശ കമീഷൻ
text_fieldsറിയാദ്: ലോക മുസ്ലിംകൾ ഈദ് അൽ അദ്ഹ ആഘോഷത്തിലും ഹജ്ജ് തീർഥാടനത്തിലും മുഴുകുന്ന സമയത്ത് തന്നെ സ്വീഡനിലെ സ്റ്റോക്ക്ഹോം സെൻട്രൽ മസ്ജിദിന് പുറത്ത് ഖുർആൻ കത്തിച്ചതിനെ സൗദി മനുഷ്യാവകാശ കമീഷൻ (എച്ച്.ആർ സി) ശക്തിയായി അപലപിച്ചു.
ബോധപൂർവം പ്രകോപനം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള നടപടിയാണ് ഇതെന്നും അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും കമീഷൻ പ്രസിഡൻറ് ഡോ. ഹലാ അൽ തുവൈജിരിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിന് പിറകെ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും അടിസ്ഥാന മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികളുടെ ആവശ്യകത പ്രസ്താവനയിൽ എടുത്തുപറഞ്ഞു.
മനുഷ്യാവകാശ ചാർട്ടറും പ്രസക്തമായ അന്താരാഷ്ട്ര കൺവെൻഷനുകളും ഉയർത്തിപ്പിടിക്കാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണ്. സഹിഷ്ണുതയും സമാധാനപരമായ സഹവർത്തിത്വവും വളർത്തുന്നതിനുള്ള ശ്രമങ്ങളെ തുരങ്കം വെക്കുന്ന ഇത്തരം തീവ്രവാദ പ്രവർത്തനങ്ങളെ നേരിടാനും നടപടിയെടുപ്പിക്കാനും അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും തയാറാകണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

