ബുർജ് ജിദ്ദ ഒന്നാം ഘട്ടം രണ്ട് വർഷത്തിനകം പൂർത്തിയാകും
text_fieldsജിദ്ദ: ജിദ്ദ ഇക്കണോമിക് കമ്പനിക്ക് കീഴിലെ ബുർജ് ജിദ്ദയുടെ ഒന്നാം ഘട്ടം രണ്ട് വർഷത്തിനകം പൂർത്തിയാകുമെന്ന് അമീർ വലീദ് ബിൻ ത്വലാൽ ബിൻ അബ്ദുൽ അസീസ് പറഞ്ഞു. ടവർ സന്ദർശിച്ച ശേഷം ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറാണിതെന്ന് അദ്ദേഹം പറഞ്ഞു. ബുർജ് ജിദ്ദക്ക് ഒരു കിലോമീറ്ററിലധികം നീളമുണ്ട്. 252 നിലകളുള്ള ബുർജിന് ഒരു ദശലക്ഷം ടൺ ഭാരമുണ്ടാകും.
163 രാജ്യക്കാർ ഇതിെൻറ നിർമാണ ജോലി ചെയ്യുന്നുണ്ട്. ഒന്നാംഘട്ടം 2019 ൽ പൂർത്തിയാകും. ഒന്നാംഘട്ടം 15 ദശലക്ഷം ചതുരശ്രമീറ്റർ വരും. ഇതു രണ്ട് വർഷത്തിനു ശേഷം പൂർത്തിയാകും. മധ്യപൗരസ്ത്യ ദേശത്തെ വളരെ പ്രധാനപ്പെട്ട പദ്ധതിയാണിത്. പദ്ധതിയെക്കുറിച്ച് ധാരണ നൽകാൻ മക്ക അമീറുമായി അടുത്താഴ്ച കൂടിക്കാഴ്ച നടത്തും.
ദുബൈയിൽ നിർമിക്കാൻ പോകുന്ന ബുർജാണ് ജിദ്ദയിലേതിനേക്കാൻ ഉയരം കൂടിയത് എന്ന വാർത്തകൾ അമീർ വലീദ് നിഷേധിച്ചു. നീളം കൊണ്ടും താമസ സൗകര്യം കൊണ്ടും ജിദ്ദ ബുർജാണ് നീളം കൂടിയത്. 75000 മുതൽ ഒരു ലക്ഷം വരെ ആളുകളെ ഉൾക്കൊള്ളാൻ ജിദ്ദ ബുർജിന് ശേഷിയുണ്ടാവും. പദ്ധതിയുടെ മൊത്തം ചെലവ് 75 ബില്യൺ വരും. 30 ശതമാനം ജോലികൾ പൂർത്തിയായിട്ടുണ്ട്.
പദ്ധതി എപ്പോൾ പൂർത്തിയാകും തുടങ്ങിയ കാര്യങ്ങൾ ആലോചിക്കാനായി നിർമാണം നടത്തുന്ന ബിൻലാദിൻ കമ്പനിയുമായി യോഗം ചേർന്നതായും അമീർ വലീദ് പറഞ്ഞു. സ്വദേശിക്കും വിദേശിക്കും ബുർജ് ഉപയോഗപ്പെടുത്താനാകും. വിഷൻ 2030 മുന്നിൽ കണ്ട് ടൂറിസ്റ്റുകളെ ഉൾകൊള്ളാൻ പാകത്തിലാണ് ബുർജ് നിർമിക്കുന്നതെന്നും അമീർ വലീദ് ബിൻ ത്വലാൽ പറഞ്ഞു.