ബുറൈദ ഇൗത്തപ്പഴ മേള അടുത്ത വെള്ളിയാഴ്ച സമാപിക്കും
text_fieldsറിയാദ്: രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ ബുറൈദ ഇൗത്തപ്പഴ മേള ഇൗ മാസം ഏഴിന് സമാപിക്കും. ആഗസ്റ്റ് മൂന്നിന് തുടങ്ങിയ മേള മൊത്തം 42 ദിവസമാണ് നീണ്ടുനിൽക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇൗത്തപ്പഴ വിപണിയായി അറിയപ്പെടുന്ന ബുറൈദ നഗര മധ്യത്തിലുള്ള ‘സൂഖ് തമൂറി’ലാണ് മേള. പുലർച്ചെ 4.30 മുതൽ രാവിലെ എട്ട് വരെയും വൈകീട്ട് 4.30 മുതൽ രാത്രി വൈകുന്നതുവരെയും ചന്ത സജീവമാകും. പ്രതിദിനം 2,000 ത്തിലേറെ വാഹനങ്ങൾ ഇൗത്തപ്പഴങ്ങളുമായെത്തും.
ഇൗത്തപ്പഴ വൈവിധ്യവുമായാണ് കച്ചവടക്കാരുടെ വരവ്. ലേലം വിളിച്ച് മൊത്തമായി കച്ചവടം നടത്തലാണ് രീതി. മൊത്ത വ്യാപാരമാണ് പ്രധാനമെങ്കിലും ചില്ലറ വിൽപനയും കാര്യമായി നടക്കുന്നുണ്ട്. പോഷകസമൃദ്ധവും സ്വാദിഷ്ടവും ഗൾഫ് മേഖലയിലാകമാനം പ്രിയങ്കരവുമായ ‘സുക്കരി’യാണ് പ്രധാനയിനം. ഇൗയിനത്തിലെ മുഫത്തൽ, ഗാലക്സി, റുത്തബ് എന്നീ ഉപവർഗങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. സുക്കരിയോട് കിടപിടിക്കുന്ന സങ്കരയിനമായ ‘ശെയ്ശി’ക്കും ആവശ്യക്കാരുണ്ട്. സുഖ്ഈ, ഖുലാസ്വ്, മുനീഫീ, നബൂത് സൈഫ്, സുൽതാന, ശഖ്റ, റഷൂദി, ബുസ്റി എന്നീ വൈവിധ്യങ്ങളും വിപണിയിലെത്തുന്നുണ്ട്. കുറഞ്ഞയിനമായ ‘ബർഹി’, സുക്കരിയിലെ പകുതി പഴുത്ത ‘മുനാസിഫും’ കുറഞ്ഞ വിലക്ക് കിട്ടുന്നവയാണ്.

മുന്തിയ ഇനങ്ങൾ മൂന്ന് കിലോ അടങ്ങുന്ന ഒരു പെട്ടിക്ക് ശരാശരി 45 റിയാൽ വില വരും. പേശി വില കുറയ്ക്കാനാവും. ഇതിൽ തന്നെ മുന്തിയ നിലവാരമുള്ളതിന് 100 റിയാലിന് അടുത്ത് വിലവരും. പുറത്ത് കിലോക്ക് 40 റിയാലൊക്കെ വിലവരുന്ന ഇനങ്ങളാണ് മൂന്ന് കിലോ ശരാശരി 45 റിയാൽ വിലയ്ക്ക് ലഭിക്കുന്നത്. ലക്ഷകണക്കിന് ആളുകൾ ഇതിനകം മേള സന്ദർശിച്ചുകഴിഞ്ഞു. മൂന്ന് ലക്ഷത്തിലേറെ കിലോ ഇൗത്തപ്പഴം ഇത്തവണ മേളയിൽ എത്തിയെന്നാണ് വിവരം. ഇതിൽ 80 ശതമാനവും സുക്കരി ഇനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
