അപൂർവ ശേഖരങ്ങളുമായി ബുറൈദ ഈത്തപ്പഴമേള
text_fieldsബുറൈദ: ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ ഈത്തപ്പഴമേളയായി അറിയപ്പെടുന്ന ബുറൈദ 'ഈത്തപ്പഴോത്സവം 2025' ലെ അപൂർവ ഈത്തപ്പഴങ്ങളുടെ ശേഖരങ്ങൾ സന്ദർശകരെ ആകർഷിക്കുന്നു സൗദിയിൽനിന്നും മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നും മേള കാണാനും വിപണനത്തിനും വേണ്ടി ആളുകളുടെ നല്ല തിരക്കാണ്.
ബുറൈദ ഈത്തപ്പഴ ഉത്സവത്തിന്റെ വിവിദ ദൃശ്യങ്ങൾ
ആഗസ്റ്റ് 30 വരെ മേള തുടരും. പ്രവിശ്യ ഗവർണറേറ്റിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി, ജല, കൃഷി മന്ത്രാലായത്തിന്റെയും ബുറൈദ മുനിസിപ്പാലിറ്റിയുടെയും പങ്കാളിത്തത്തോടെയാണ് മേള നടക്കുന്നത്. പ്രദേശത്തെ ഈത്തപ്പഴ കർഷകർക്ക് അവരുടെ വിഭവങ്ങൾ വിൽപന നടത്താനും പ്രദർശിപ്പിക്കാനും അവസരം നൽകുന്നു. സൗദിയിലെയും മറ്റും പ്രമുഖരായ ഈത്തപ്പഴ വ്യാപാരികളും വിവിധ പവിലിയനുകൾ നടത്തുന്ന കച്ചവടക്കാരുടെയും നിറഞ്ഞ സാന്നിധ്യമാണ് മേളയിൽ. സ്വർണവർണവും തേൻ രുചിയുമുള്ള 'സുക്കരി' ഈത്തപ്പഴമാണ് മേളയിലെ പ്രധാന ഇനം. അൽ ഖസീം മേഖലയിൽ വളരെ പ്രചാരമുള്ള സുക്കരിയുടെ നൂറുകണക്കിന് ടൺ ഈത്തപ്പഴമാണ് ഇവിടെ വിപണനം നടക്കുന്നത്.
ഖലാസ്, സുഖായ്, വണ്ണാന, ബർഹി, ഷഖ്റ, മജ്ദൂൾ, ഹൊഷാനിയ തുടങ്ങിയ ഇനങ്ങൾക്കും കച്ചവടക്കാർക്കിടയിൽ നല്ല ഡിമാന്റ് ആണ്. അൽ ഖസീമിലെ വിവിധ ഫാമുകളിൽനിന്ന് പ്രതിദിനം നൂറിലധികം ഇനം ഈത്തപ്പഴങ്ങൾ വിപണിയിൽ എത്തുന്നതായാണ് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ. പ്രാദേശിക കർഷകർക്കും ഈത്തപ്പഴ വ്യാപാരികൾക്കും വിപണന അവസരങ്ങൾ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട് ഈത്തപ്പഴ വിൽപ്പനയിലും ശേഖരത്തിലും ഉപഭോക്തൃ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേക നിരീക്ഷണം നടത്താൻ അധികൃതർ രംഗത്തുണ്ട്.
പരമ്പരാഗത പലഹാരങ്ങളും ഈത്തപ്പഴങ്ങൾ കൊണ്ട് നിർമിക്കുന്ന ഭക്ഷണ സാധനങ്ങളും കരകൗശല വസ്തുക്കളും മേളയിലെ വിവിധ പവിലിയനുകളിൽ വിൽപനക്കുണ്ട്. വിവിധ സ്റ്റേജ് പരിപാടികളും വിനോദ പരിപാടികളും മേളക്ക് മാറ്റുകൂട്ടുന്നു. വ്യവസായ മേളയിൽ താത്കാലികമാണെങ്കിലും സ്വദേശികളായ യുവതീ, യുവാക്കൾക്കും ധാരാളം തൊഴലവസരങ്ങൾ ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്. വിവിധ സർക്കാർ വകുപ്പുകളുടെയും വിവിധ സാമൂഹിക, ജീവകാരുണ്യ സംഘടനകളുടെയും പങ്കാളിത്തത്തോടെ ഈത്തപ്പഴത്തിന്റെയും ഉപോൽപന്നങ്ങളെയും കേന്ദ്രീകരിച്ചുള്ള വൈവിധ്യമാർന്ന പഠന പരിപാടികളും പ്രദർശനങ്ങളും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഈന്തപ്പനകൃഷി, പരിചരണം, വിളവെടുപ്പ്, ഉൽപന്ന വിപണനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സെമിനാറുകളും സംശയ നിവാരണ ബോധവത്കരണ പരിപാടികളും ഈത്തപ്പഴ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

