സൗദി വിദ്യാർഥിയുടെ കൊലപാതകം; പ്രധാന പ്രതിക്കെതിരെ കുറ്റം ചുമത്തി ബ്രിട്ടീഷ് പ്രോസിക്യൂട്ടർ
text_fieldsബ്രിട്ടനിലെ കേംബ്രിഡ്ജിൽ കൊല്ലപ്പെട്ട സൗദി വിദ്യാർഥി മുഹമ്മദ് അൽഖാസിം
ജിദ്ദ: കഴിഞ്ഞ മാസം ബ്രിട്ടനിൽ കൊല്ലപ്പെട്ട സൗദി സ്കോളർഷിപ് വിദ്യാർഥി മുഹമ്മദ് അൽഖാസിമിന്റെ കൊലപാതകത്തിലെ പ്രധാനപ്രതി ചാസ് കോറിഗനെതിരെ മുൻകൂട്ടി ആസൂത്രണംചെയ്ത കൊലപാതകം, പൊതുസ്ഥലത്ത് മൂർച്ചയുള്ള ആയുധം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ബ്രിട്ടീഷ് പ്രോസിക്യൂട്ടർമാർ.
പ്രധാനപ്രതി തിങ്കളാഴ്ച ബ്രിട്ടനിലെ കേംബ്രിഡ്ജ് ക്രൗൺ കോടതിയിൽ ഔപചാരിക വിചാരണ നേരിടേണ്ടിവരും. ഈ സമയത്ത് പ്രതിക്ക് കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാം. മറ്റ് രണ്ട് കൂട്ടുപ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും.
ആഗസ്റ്റ് ഒന്നിന് വെള്ളിയാഴ്ച വൈകീട്ട് കേംബ്രിഡ്ജിൽ 10 ആഴ്ചത്തെ പഠന അസൈൻമെന്റിൽ ആയിരിക്കെ കേംബ്രിഡ്ജിന് തെക്കുള്ള ഒരു പാർക്കിൽ വെച്ചാണ് മുഹമ്മദ് അൽഖാസിം കുത്തേറ്റു മരിക്കുന്നത്.
മക്കയിൽ നിന്നുള്ള 20 വയസ്സുള്ള മുഹമ്മദ് അൽഖാസിം, കഴുത്തിൽ 11.5 സെന്റീമീറ്റർ ആഴത്തിലുള്ള കുത്തേറ്റതിനെ തുടർന്നാണ് തൽക്ഷണം മരിച്ചത്. പിന്നീട് മൃതദേഹം സൗദിയിലേക്ക് കൊണ്ടുവരികയും മക്ക മസ്ജിദുൽ ഹറാമിൽ പ്രാർത്ഥനകൾ നടത്തിയ ശേഷം മക്കയിൽ തന്നെ ഖബറടക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

