ബ്രിട്ടീഷ് പ്രധാനമന്ത്രി സൗദിയിൽ
text_fieldsറിയാദ്: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് സൗദിയിൽ. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫുമായി അവർ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. സല്‍മാന്‍ രാജാവ്, രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടങ്ങിയവരുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയില്‍ മൂന്ന് ദിവസത്തെ പര്യടനത്തിന് തിങ്കളാഴ്ച ജോര്‍ഡനിലെത്തിയ തെരേസ പ്രധാനമന്ത്രി അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സൗദിയിലെത്തിയത്.
സൗദിയുടെ വിദേശ നിക്ഷേപം ബ്രിട്ടനിലേക്ക് ആകര്‍ഷിക്കൽ, തീവ്രവാദ ഭീഷണിക്കെതിരെ ഒന്നിച്ചുള്ള പ്രവര്‍ത്തനം, സൈനിക-ആയുധ ഇടപാടുകള്‍ എന്നിവയും പ്രധാനമന്ത്രിയുടെ സന്ദര്‍ശന അജണ്ടയാണെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടെൻറ മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ വിപണിയായ സൗദി വര്‍ഷത്തില്‍ എട്ട് ബില്യനിലധികം വില വരുന്ന സാധനങ്ങള്‍ ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പിരിഞ്ഞതിന് തൊട്ടുടനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം വാണിജ്യ, നയതന്ത്ര പ്രാധാന്യമുള്ളതാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. സിറിയന്‍, യമന്‍ പ്രശ്നങ്ങളില്‍ സൗദി സഖ്യസേനക്ക് പിന്തുണ നല്‍കുന്ന രാജ്യമെന്ന നിലക്ക് ഉന്നതതല ചര്‍ച്ചയില്‍ ഈ പ്രശ്നങ്ങളും ഇറാെൻറ ഇടപെടലും വിഷയമാവും. സൗദി സ്റ്റോക് എക്സ്ചേഞ്ച് മേധാവികളുമായി ചർച്ച നടത്തി. ജോര്‍ഡനിലെ സിറിയന്‍ അഭയാര്‍ഥി ക്യാമ്പിലെ സ്കൂളും തെരേസ മെയ് ചൊവ്വാഴ്ച സന്ദര്‍ശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
