ബ്രിട്ടൻ സന്ദർശനം പൂർത്തിയാക്കി അമീർ മുഹമ്മദ് തിരിച്ചെത്തി
text_fieldsജിദ്ദ: കിരീടാവകാശിയെന്ന നിലയിൽ ആദ്യ വിദേശപര്യടനത്തിെൻറ ഒന്നാംഘട്ടം പൂർത്തിയാക്കി അമീർ മുഹമ്മദ് ബിൻ സൽമാൻ റിയാദിൽ തിരിച്ചെത്തി. കിങ് ഖാലിദ് വിമാനത്താവളത്തിൽ റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാെൻറ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ഒരാഴ്ച നീണ്ട വിദേശയാത്രയിൽ ഇൗജിപ്തും ബ്രിട്ടനുമാണ് അമീർ മുഹമ്മദ് സന്ദർശിച്ചത്. ഇരുരാജ്യങ്ങളിലും നിരവധി കരാറുകൾ ഒപ്പിടുകയും ധാരണകൾ രൂപപ്പെടുത്തുകയും ചെയ്തു. ഇൗജിപ്തിൽ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പ്രതിരോധ, ഉൗർജ, രാഷ്ട്രീയ രംഗങ്ങളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ആരാഞ്ഞു.
സ്വപ്ന പദ്ധതിയായ നിയോം മെഗാസിറ്റിക്കൊപ്പം ഇൗജിപ്തിെൻറ സീനായ് മേഖലയുടെ വികസനത്തിനുള്ള രൂപരേഖ തയാറായതായിരുന്നു പ്രധാന നേട്ടങ്ങളിലൊന്ന്.
അഖബ ഉൾക്കടൽ മേഖലയെ ലോകോത്തര സമുദ്രവിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ആലോചനയും ഇൗ സന്ദർശനത്തിലാണ് വന്നത്. സൗദിക്കും ഇൗജിപ്തിനുമൊപ്പം േജാർഡനും ഇൗ വിശാല പദ്ധതിയുടെ ഭാഗമാകും. സൗദി അറേബ്യയുടെ സാമ്പത്തിക സഹായത്താൽ നവീകരിച്ച കൈറോയിലെ പുരാതനമായ അൽഅസ്ഹർ പള്ളിയുടെ ഉദ്ഘാടനവും അമീർ മുഹമ്മദിെൻറ സാന്നിധ്യത്തിൽ നടന്നു. ബ്രിട്ടനിൽ ടൈഫൂൺ യുദ്ധവിമാനങ്ങളുടെ കരാറാണ് എടുത്തുപറയേണ്ടത്. മൊത്തം 20ശതകോടി ഡോളറിനടുത്ത് വിവിധ കരാറുകളാണ് ഒപ്പുവെക്കപ്പെട്ടത്. നിരവധി ബ്രിട്ടീഷ് സ്ഥാപനങ്ങൾക്ക് സൗദിയിൽ നിക്ഷേപാനുമതി നൽകുകയും ചെയ്തു.
ഇതിനൊക്കെയുപരി ബഹുമത സംവാദരംഗത്തുണ്ടാക്കിയ വൻ മുന്നേറ്റമാണ് അമീർ മുഹമ്മദിെൻറ ഇൗ സന്ദർശനത്തെ ശ്രദ്ധേയമാക്കുന്നത്. കൈറോയിൽ കോപ്റ്റിക് കത്തീഡ്രൽ സന്ദർശിച്ച അദ്ദേഹം പോപ് തവദ്രൂസ് രണ്ടാമനുമായി ദീർഘനേരം ചർച്ച നടത്തി. കോപ്റ്റിക് വിശ്വാസികളെ സൗദി സന്ദർശിക്കാൻ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് ലണ്ടനിലെ ആംഗ്ലിക്കൻ സഭ ആസ്ഥാനത്ത് എത്തിയത്. കാൻറർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വിൽബിയെ സൗദിയിലേക്ക് ഒൗദ്യോഗികമായി ക്ഷണിച്ചിട്ടുമുണ്ട്. വിൽബിയുടെ സന്ദർശനം അധികം വൈകാതെ നടക്കുമെന്നാണ് സൂചന.
കഴിഞ്ഞ നവംബറിൽ ലെബനാനിലെ മാരനൈറ്റ് പാത്രിയാർക്കീസ് ബിശാറ ബുത്രൂസ് അൽറാഹി സൗദി സന്ദർശിച്ചിരുന്നു. ഇൗ രീതിയിൽ വിവിധമേഖലകളിൽ വൻ വിജയമായ വിദേശപര്യടനമാണ് അമീർ മുഹമ്മദ് പൂർത്തിയാക്കിയത്. ഏതാനും ദിവസങ്ങൾക്ക് ശേഷം അമേരിക്കയിലേക്ക് അദ്ദേഹം പുറപ്പെടും. അവിടെ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ലോകം കാത്തിരിക്കുന്ന ചില പ്രഖ്യാപനങ്ങൾ അവിെട നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആമസോൺ, ആപ്പിൾ, ഗൂഗ്ളിെൻറ മാതൃസ്ഥാപനമായ ആൽഫബെറ്റ് എന്നിവയുമായുള്ള ബൃഹദ്കരാറുകൾക്ക് ഇൗ സന്ദർശനത്തിൽ അന്തിമരൂപമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
