ബ്രിക്സ് ഉച്ചകോടി; ഗസ്സയിലെ മാനുഷിക ദുരിതങ്ങൾഅവഗണിക്കാനാവില്ല -സൗദി വിദേശകാര്യ മന്ത്രി
text_fieldsറിയോ ഡി ജനീറോയിൽ 17ാമത് ബ്രിക്സ് ഉച്ചകോടിയിൽ സൗദി വിദേശകാര്യ അമീർ ഫൈസൽ ബിൻ ഫർഹാൻ സംസാരിക്കുന്നു
റിയാദ്: ഗസ്സയിലെ മാനുഷിക ദുരിതങ്ങൾ അവഗണിക്കാൻ കഴിയില്ലെന്ന് സൗദി വിദേശകാര്യ അമീർ ഫൈസൽ ബിൻ ഫർഹാൻ. തിങ്കളാഴ്ച ബ്രസീലിലെ റിയോ ഡി ജനീറോയിൽ 17ാമത് ബ്രിക്സ് ഉച്ചകോടിയിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ പ്രതിനിധീകരിച്ച് സംസാരിക്കവേയാണ് സൗദി നിലപാട് ആവർത്തിച്ചത്.
ഗസ്സയിലെ ആശുപത്രികൾക്കും മറ്റു അടിസ്ഥാനസൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങൾക്കുമെതിരെ തുടരുന്ന ഇസ്രായേലി ആക്രമണങ്ങളും സാധാരണക്കാരെ ലക്ഷ്യം വെക്കുന്നതും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനവും ലോകക്രമത്തോടുള്ള വെല്ലുവിളിയുമാണ്. മാനുഷിക സഹായ വിതരണവും സിവിലിയന്മാരുടെ സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹം തയാറാവണമെന്നും വിദേശകാര്യ മന്ത്രി ആവശ്യം ആവർത്തിച്ചു.
ലോകം സാക്ഷ്യം വഹിക്കുന്ന ഗുരുതരമായ പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ എല്ലാവർക്കുമുള്ള തുല്യ ഉത്തരവാദിത്തം മറക്കരുത്. സുരക്ഷ നിലനിർത്തുന്നതിനും സംഘർഷങ്ങൾ വ്യാപിക്കുന്നതും രൂക്ഷമാകുന്നതും തടയുന്നതിനും ആവശ്യമായതെല്ലാം എല്ലാവരും കൂടി സ്വീകരിക്കണം. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഫലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കം. അതിനെ അടിസ്ഥാനമാക്കി മാത്രമേ ഫലസ്തീൻ പ്രതിസന്ധി അവസാനിപ്പിക്കാനും എല്ലാവർക്കും ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കാനും സാധിക്കൂ. അതിന് അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണം.
അവസരങ്ങളും പങ്കിട്ട വികസനവും നിറഞ്ഞ ഭാവിക്കായി ബഹുമുഖ വേദികളിൽ ഫലപ്രദമായ സഹകരണം കെട്ടിപ്പടുക്കാനുള്ള സൗദിയുടെ അഭിലാഷം മന്ത്രി പ്രകടിപ്പിച്ചു. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂട് കൺവെൻഷനോടും പാരീസ് കരാറിനോടുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കി.
വിവിധ രാജ്യങ്ങളുടെ വൈവിധ്യമാർന്ന സാഹചര്യങ്ങൾ കണക്കിലെടുക്കുന്ന പ്രായോഗികവും സന്തുലിതവുമായ സമീപനത്തിന് ആഹ്വാനം ചെയ്തു. ജലക്ഷാമം അനുഭവിക്കുന്ന ഒരു രാജ്യമെന്ന നിലയിൽ, പാരിസ്ഥിതിക വെല്ലുവിളികളും ജലസ്രോതസ്സുകളും കൈകാര്യം ചെയ്യുന്നതിനുള്ള നൂതനരീതികളും സാങ്കേതികവിദ്യകളും സൗദി അറേബ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഈ സുപ്രധാന വിഭവത്തിലേക്ക് തുല്യമായ പ്രവേശനം ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ലോക ജലസംഘടന സ്ഥാപിക്കുന്നതിലേക്ക് നയിച്ച ശ്രമങ്ങൾക്ക് നേതൃത്വം നൽകിയെന്നും വിദേശകാര്യ മന്ത്രി വിശദീകരിച്ചു.
‘സൗദി വിഷൻ 2030’ൽ പ്രതിരോധത്തിലും സംയോജിത പരിചരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമഗ്ര പരിഷ്കാരങ്ങൾ ഉൾപ്പെടുന്നുവെന്ന് ആരോഗ്യ മേഖലയെക്കുറിച്ച് വിശദീകരിച്ചപ്പോൾ അദ്ദേഹം സൂചിപ്പിച്ചു.
ഹജ്ജ്, ഉംറ പോലുള്ള പ്രധാന ഒത്തുചേരലുകൾ കൈകാര്യം ചെയ്യുന്നതിലും ആസൂത്രണത്തിലും നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളിലും വികസനത്തിലും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ആരോഗ്യ അടിയന്തരാവസ്ഥകൾക്കുള്ള തയാറെടുപ്പിനും പ്രതികരണത്തിനും ആ രംഗത്ത് സൗദിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലുമുള്ള അനുഭവം മന്ത്രി വിവരിച്ചു. ഈ വർഷം ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിനും ഗ്രൂപ്പിന്റെ പ്രസിഡന്റ് എന്ന നിലയിൽ അതിന്റെ പ്രധാന പങ്കിനും ബ്രസീലിന് അദ്ദേഹം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

