ബി.ആർ.സി വോളിബാൾ ടൂർണമെന്റ്; അറേബ്യൻ റേഞ്ചേഴ്സ് ചാമ്പ്യന്മാർ
text_fieldsജിദ്ദയിൽ ബി.ആർ.സി സംഘടിപ്പിച്ച വോളിബാൾ ടൂർണമെന്റിൽ ജേതാക്കളായ അറേബ്യൻ
റേഞ്ചേഴ്സ് ടീം
ജിദ്ദ: കോഴിക്കോട് തെക്കേപ്പുറത്തുകാരുടെ ജിദ്ദയിലെ കൂട്ടായ്മയായ ബി.ആർ.സി ഒരു മാസക്കാലമായി സംഘടിപ്പിച്ചുവരുന്ന വോളിബാൾ ടൂർണമെന്റ് അവസാനിച്ചു. ഖാലിദ് ബിൻ വലീദിലെ ട്രെയിനിങ് മേറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ ബി.ആർ.സി ഡെസേർട്ട് ഈഗിൾസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ബി.ആർ.സി അറേബ്യൻ റേഞ്ചേഴ്സ് ചാമ്പ്യന്മാരായി.
സമാപനദിനത്തിലെ വാശിയേറിയ സീനിയേഴ്സ് ഫൈനലിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ബി.ആർ.സി ലെജന്റ്സ്, ബി.ആർ.സി മാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. ആദ്യ സെറ്റ് കൈവിട്ട ശേഷം കരുത്തോടെ തിരിച്ചുവന്ന ലെജന്റ്സ് രണ്ടും മൂന്നും സെറ്റുകൾ നേടി സീനിയേഴ്സ് ട്രോഫി സ്വന്തമാക്കി.
ക്യാപ്റ്റൻ അമീൻ സഹാനിയുടെ പിന്നിൽ അണിനിരന്ന ഡെസേർട്ട് ഈഗിൾസ് യാസീൻ നവാസ് ജരീർ സഖ്യത്തിന്റെ പിൻബലത്തിൽ മികച്ച നിലയിൽ തുടങ്ങിയെങ്കിലും അറേബ്യൻ റേഞ്ചേഴ്സ് ഒപ്പത്തിനൊപ്പം മുന്നോട്ട് പോയി. ഒരുവേള 24-19 എന്ന സ്കോറിൽ ആദ്യ സെറ്റ് ഡെസേർട്ട് ഈഗിൾസ് നേടിയെന്ന് കരുതിയേടത്തുനിന്നും ഫഹീമിന്റെ നേതൃത്വത്തിൽ അറേബ്യൻ റേഞ്ചേഴ്സ് തിരിച്ചുവന്നു . 28-26 ന് സെറ്റ് പിടിച്ചുവാങ്ങി. തുടർന്ന് രണ്ടാം സെറ്റ് അനായാസം നേടി മാച്ചും ബി.ആർ.സി വോളി 2024 ചാമ്പ്യൻഷിപ്പും സ്വന്തമാക്കി.
അറേബ്യൻ റേഞ്ചേഴ്സിന് വേണ്ടി റിയാസ്, മുഹമ്മദ്, നിസ്വർ മികച്ച പ്രകടനം കാഴ്ചവെച്ചു. ഷംനാർ, ഫഹീം, അബ്ദുറൈ എന്നിവർ മികച്ച പിന്തുണ നൽകി. ഡെസേർട്ട് ഈഗിൾസിന് വേണ്ടി ജരീർ പൊരുതിക്കളിച്ചു. ഫൈനലിലും ടൂർണമെന്റിലുടനീളവും ഒന്നാന്തരം പ്രകടനം കാഴ്ച്ചവെച്ച റിയാസ് ഫൈനലിലേയും ടൂർണമെന്റിലേയും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. സീനിയേഴ്സിലെ മികച്ച താരമായി കെ.വി സാജിദ് തെരഞ്ഞെടുക്കപ്പെട്ടു. നോർക്ക ലീഗൽ കൺസൾട്ടന്റും മകാസേബ് ഗ്രൂപ് സി.ഫ്.ഒയുമായ അഡ്വ. ഷംസുദ്ദീൻ ഓലശ്ശേരി ഫൈനൽ മത്സരം ഉദ്ഘാടനം ചെയ്തു. സാബിഖ് തോപ്പിൽ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ട്രോഫികൾ അഡ്വ. ഷംസുദ്ദീൻ, ഇഹാബ് ഉമ്മർ, ഷൗക്കത്ത്, സി.ടി അബ്ദുറഹ്മാൻ, മുഹാജിർ എന്നിവർ സമ്മാനിച്ചു. അബ്ദുറഹ്മാൻ സ്വാഗതവും കഫീൽ നന്ദിയും പറഞ്ഞു. അഷ്റഫ് നല്ലളം കളികൾ നിയന്ത്രിച്ചു. വസീം, തൻസീഫ്, ആറ്റ, യാസിദ് എന്നിവർ ഗ്രൗണ്ട് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

