ബി.ആർ.സി ഫുട്ബാൾ ടൂർണമെൻറിന് തുടക്കം
text_fieldsജിദ്ദ ബി.ആർ.സി ഫുട്ബാൾ ടൂർണമെൻറിൽ നിന്ന്
ജിദ്ദ: കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മയായ ബി.ആർ.സിയുടെ ഈ വർഷത്തെ ഫുട്ബാൾ മാമാങ്കത്തിന ജിദ്ദ സ്റ്റാഴ്സ് അക്കാദമി ഗ്രൗണ്ടിൽ തുടക്കമായി. മാർച്ച്പാസ്റ്റിന് ശേഷം 12 വയസ്സിന് താഴെയുള്ള കുട്ടികൾ അണിനിരന്ന റിയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മത്സരത്തോടെ ആരംഭിച്ച ടൂർണമെന്റ് ബി.ആർ.സി അംഗവും മുൻ ഫുട്ബാളറുമായ ഇ.വി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ആദ്യ മത്സരത്തിൽ ഗാലക്സി ഏകപക്ഷീയമായ ഒരു ഗോളിന് ഹൊറൈസണിനെയും രണ്ടാം മത്സരത്തിൽ യൂനിവേഴ്സ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഓറിയോണിനെയും പരാജയപ്പെടുത്തി. ഗാലക്സിയും ഹൊറൈസണും തമ്മിലുള്ള ആദ്യ മത്സരത്തിൽ ഇരു ടീമുകളും തുടക്കം മുതൽ പൊരുതിക്കളിച്ചു. ഗാലക്സിക്കുവേണ്ടി സിനാനി, നവാസ്, തൻസീഫ് എന്നിവരും ഹൊറൈസണിനുവേണ്ടി സഫീർ, സാജിദ്, സെലിൻ എന്നിവരും മികച്ച കളി കാഴ്ചവെച്ചു. മത്സരത്തിലുടനീളം പൊരുതിക്കളിക്കുകയും നിർണായക ഗോൾ അടിക്കുകയും ചെയ്ത ജരീർ മാൻ ഓഫ് ദി മാച്ചിന്ന് അർഹനായി.
രണ്ടാം മത്സരത്തിൽ യൂനിവേഴ്സ് ഓറിയോണിനെ തുടക്കം മുതൽ കടിഞ്ഞാണിട്ടു, റൈഫാനിന്റെ അതിമനോഹരമായ മുന്നേറ്റങ്ങൾ മത്സരത്തിന്റെ ഭംഗി വർധിപ്പിച്ചു. യൂനിവേഴ്സലിന് വേണ്ടി റൈഫാനും, ഇഹ്സാനും, ഇക്കുവും ഓറിയോണിന് വേണ്ടി മിഷാലും റിയാസും മികച്ച പ്രകടനം കാഴ്ചവെച്ചു. റൈഫാൻ മാൻ ഓഫ് ദി മാച്ചിന് അർഹനായി.

