സ്‌കൂളിലേക്ക് സഹോദരിമാരുടെ ബാഗ് ചുമന്ന് ആൺകുട്ടി; ചിത്രം വൈറലായി
text_fieldsമിഷാൽ, നോറയുടെയും സാറയുടെയും ബാഗ് ചുമന്ന് വീട്ടിലേക്ക് പോകുന്നു
യാംബു: സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന ഒമ്പതുകാരനായ വിദ്യാർഥി തന്റെ രണ്ടു സഹോദരിമാരുടെ ബാഗുകൾ ചുമന്ന് നടക്കുന്ന ഫോട്ടോ സൗദികളുടെ ഹൃദയം കവർന്നിരിക്കുകയാണ്. ഖമീസ് മുശൈത്തിൽനിന്നുള്ള സൗദി ബാലനായ മിഷാൽ അൽ-ഷഹ്‌റാനിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. രണ്ടു സഹോദരിമാരുടെ ബാഗുകൾ ചുമന്ന് സ്‌കൂളിലേക്ക് പോകാൻ പ്രേരണയെന്താണ് എന്ന് ചോദിക്കുന്നവരോട് ബാലന്റെ പ്രതികരണമാണ് ജനങ്ങളുടെ ഹൃദയം കവർന്നത്. പ്രവാചകൻ മുഹമ്മദ് തന്റെ കുടുംബത്തെ എല്ലാതരത്തിലും സഹായിച്ചിരുന്നെന്നും അതാണ് തനിക്ക് മാതൃകയെന്നുമാണ് മിഷാൽ പറയുന്നത്. കൂടപ്പിറപ്പുകളായ നോറയെയും സാറയെയും സഹായിക്കാൻ ഇക്കാരണത്താൽ തനിക്ക് ഏറെ ഇഷ്ടമാണെന്നും അവൻ പറയുന്നു.
വിദ്യാർഥിയുടെ കൊച്ചുനാളിലേയുള്ള സേവന താൽപര്യവും മുഹമ്മദ് നബിയുടെ ജീവിത മാതൃകയുടെ പ്രചോദനവും മനസ്സിലാക്കിയ ഖമീസ് മുശൈത്ത് ഗവർണർ ഖാലിദ് ബിൻ മുശൈത്ത് ബുധനാഴ്ച മിഷാൽ അൽ-ഷഹ്‌റാനിയെയും സഹോദരിമാരെയും പ്രത്യേകം ആദരിച്ചു സമ്മാനങ്ങൾ നൽകി. കുടുംബാംഗങ്ങൾക്കിടയിലെ സാഹോദര്യം ശക്തിപ്പെടുത്താൻ ഇത് മറ്റുള്ളവർക്കുകൂടി പ്രചോദനമാകുന്നുവെന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും മിഷാലിന്റെ പിതാവ് ബദർ അൽ-ഷഹ്‌റാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

