സൗദിയുടെ പൈതൃകം അനാവരണം ചെയ്ത് കൊറിയയിൽ പ്രദർശനം
text_fieldsറിയാദ്: സൗദി അറേബ്യയുടെയും അറേബ്യൻ ഉപഭൂഖണ്ഡത്തിെൻറയും സമ്പന്നമായ പൈതൃകം അനാവരണം ചെയ്യുന്ന പ്രദർശനത്തിന് ദക്ഷിണകൊറിയയിൽ ഇന്ന് തുടക്കമാകും. കൊറിയൻ തലസ്ഥാനമായ സോളിലെ നാഷനൽ മ്യൂസിയത്തിലാണ് 466 അമൂല്യ വസ്തുക്കളുടെ പ്രദർശനം നടക്കുന്നത്. 2006 ൽ സൗദി അറേബ്യ ആരംഭിച്ച ‘റോഡ്സ് ഒാഫ് അറേബ്യ’ എന്ന സഞ്ചരിക്കുന്ന പ്രദർശനം എത്തുന്ന രണ്ടാമത്തെ ഏഷ്യൻ കേന്ദ്രമാണ് സോൾ. മൂന്നുമാസത്തിലേറെ ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ തങ്ങിയ ശേഷമാണ് കൊറിയയിലേക്ക് എത്തിയത്. ചൈനയിലെ പ്രദർശനം അറേബ്യയെ സംബന്ധിച്ച് ആ രാജ്യത്ത് നടന്ന ഏറ്റവും വലിയ വൈജ്ഞാനിക പരിപാടിയായിരുന്നു. നാല് യൂറോപ്യൻ രാജ്യങ്ങളിലും അഞ്ച് അമേരിക്കൻ നഗരങ്ങളിലും ‘റോഡ്സ് ഒാഫ് അറേബ്യ’ ഇതിനകം പര്യടനം നടത്തിക്കഴിഞ്ഞു. ലോക പ്രശസ്ത കാഴ്ചബംഗ്ലാവായ പാരീസിലെ ലൂവ്റിൽ നടന്ന പ്രദർശനം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.
പ്രദർശനത്തിെൻറ കിഴക്കൻ ഏഷ്യൻ പാദം കഴിഞ്ഞ വർഷം ഡിസംബറിലാണ് സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തത്.
കഅ്ബയുടെ നാലു നൂറ്റാണ്ട് പഴക്കമുള്ള അലങ്കാര വാതിലാണ് കൊറിയൻ പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഹിജ്റ വർഷം 1040 ൽ ഉസ്മാനി സുൽത്താൻ മുറാദ് നാലാമെൻറ കാലത്ത് പണിതതാണ് ഇരുവശത്തും ലോഹപ്പണി ചെയ്ത് മനോഹരമാക്കിയ ഇൗ വാതിൽ. ഇതിനൊപ്പം മേഖലയുടെ പ്രാചീന ചരിത്രം വെളിവാക്കുന്ന പുരാവസ്തുക്കളും പ്രദർശനത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
