ജിദ്ദയിൽ അക്ഷരപ്രേമികളുടെ സംഗമഭൂമിയായി ‘ബുക്ക് ഹറാജ്’
text_fields‘ബുക്ക് ഹറാജ്’ അഷ്റഫ് തൂണേരി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഫോക്കസ് ഇന്റർനാഷനൽ ജിദ്ദ ഡിവിഷൻ ലിറ്റ് എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ച മൂന്നാമത് ‘ബുക്ക് ഹറാജ്’ പ്രൗഢമായി സമാപിച്ചു. അഷ്റഫ് തൂണേരി മേള ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിലും വായിക്കുന്ന പുസ്തകങ്ങളുടെ അനുഭവം പകരം വെക്കാനില്ലാത്തതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ബുക്ക് ഹറാജ് കമ്മിറ്റി ചെയർമാൻ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ വഹീദ് സമാൻ, ബ്ലോഗർ ബഷീർ വള്ളിക്കുന്ന് എന്നിവർ ആശംസനേർന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷഫീഖ് സ്വാഗതവും കമ്മിറ്റി കൺവീനർ റഷാദ് കരുമാര നന്ദിയും പറഞ്ഞു. കല, സാംസ്കാരിക, മാധ്യമ രംഗങ്ങളിലെ 50ലധികം പ്രമുഖർ സംബന്ധിച്ചു.ആത്മകഥകൾ, നോവലുകൾ, കവിതകൾ എന്നിവക്ക് പുറമെ കുട്ടികളുടെ പുസ്തകങ്ങൾ, അക്കാദമിക്, മത ഗ്രന്ഥങ്ങൾ തുടങ്ങിയവ വായനക്കാർക്കായി ഒരുക്കിയിരുന്നു. ജിദ്ദ കൊടിമരം, പഴയ ജിദ്ദ നഗരം, വയനാട് ചുരം തുടങ്ങിയവയുടെ ചിത്രങ്ങളും പൗലോ കൊയ്ലോയുടെ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള ശിൽപങ്ങളും മേളയിലെ കൗതുകക്കാഴ്ചകളായി. എ.പി.ജെ. അബ്ദുൽ കലാം, വൈക്കം മുഹമ്മദ് ബഷീർ, സ്റ്റീഫൻ ഹോക്കിങ്, എസ്.കെ. പൊറ്റക്കാട് തുടങ്ങിയ പ്രതിഭകളെ പരിചയപ്പെടുത്തുന്ന കാൻവാസുകളും മേളക്ക് ഗാംഭീര്യം പകർന്നു. പ്രിൻസാദ് പാറായി നയിച്ച ആശയവിനിമയ സെഷനും സന്ദർശകർക്ക് പുത്തൻ അനുഭവമായി. കാപ്പിക്കുരുവിന്റെ കഥ പറഞ്ഞ 'ബുക്ക് എ കോഫി' പവലിയൻ, ഫോട്ടോ ബൂത്ത്, ഇന്ത്യൻ വിമൻസ് ഓർഗനൈസേഷൻ (ഐ.ഡബ്ല്യു.ഒ) ഒരുക്കിയ രുചികരമായ ഭക്ഷണ സ്റ്റാളുകൾ എന്നിവ കൂടി ചേർന്നതോടെ ജിദ്ദയിലെ വായന സംസ്കാരത്തിന്റെ ശക്തമായ പുനരുജ്ജീവനമായി 'ബുക്ക് ഹറാജ്' മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

