‘ബോൺകഫെ’ ഇനി സൗദിയിലും, റാകോ ഹോൾഡിങ്ങുമായി കരാർ ഒപ്പിട്ടു
text_fields‘ബോൺകഫെ’ സൗദി വിപണിയിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ റാകോ ഹോൾഡിങ് സി.ഇ.ഒയും ചെയർമാനുമായ റഹീം പട്ടർക്കടവനും ബോൺകഫെ മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടർ അപർണ ബാരറ്റോയും ഒപ്പുവെക്കുന്നു
ജിദ്ദ: ലോകപ്രശസ്ത കോഫി ബ്രാൻഡായ ‘ബോൺകഫെ’ സൗദി അറേബ്യൻ വിപണിയിലേക്ക് ചുവടുവെക്കുന്നു. അന്താരാഷ്ട്ര കോഫി ഭീമന്മാരായ മാസിമോ സനെറ്റി ബിവറേജ് ഗ്രൂപ്പിന്റെ കീഴിലുള്ള ബോൺകഫെ മിഡിൽ ഈസ്റ്റ്, പ്രമുഖ നിക്ഷേപ സ്ഥാപനമായ റാകോ ഹോൾഡിങ്ങുമായി ചേർന്നാണ് സൗദിയിൽ പ്രവർത്തനം ആരംഭിക്കുന്നത്.
‘ബോൺഅറേബ്യ കെ.എസ്.എ’ എന്ന പേരിലായിരിക്കും ഈ സംയുക്ത സംരംഭം സൗദി വിപണിയിൽ അറിയപ്പെടുക. റാകോ ഹോൾഡിങ് സി.ഇ.ഒയും ചെയർമാനുമായ റഹീം പട്ടർക്കടവനും ബോൺകഫെ മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടർ അപർണ ബാരറ്റോയും ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. യു.എ.ഇയിലെ കോഫി വിപണിയിൽ ഗുണനിലവാരം കൊണ്ടും മികച്ച സേവനം കൊണ്ടും വലിയ പാരമ്പര്യമുള്ള ബോൺകഫെ, അതേ വിജയം സൗദിയിലും ആവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ പങ്കാളിത്തത്തിലൂടെ ബോൺകഫെ, സെഗാഫ്രെഡോ തുടങ്ങിയ ആഗോളതലത്തിൽ ശ്രദ്ധേയമായ കോഫി ബ്രാൻഡുകൾ ഇനി സൗദി ഉപഭോക്താക്കൾക്കും ലഭ്യമാകും. റാകോ ഹോൾഡിങ്ങിന് സൗദി വിപണിയിലുള്ള ശക്തമായ സ്വാധീനവും പരിചയസമ്പത്തും ബോൺഅറേബ്യയുടെ വളർച്ചക്ക് കരുത്തേകും. പ്രീമിയം കോഫി ഉൽപന്നങ്ങൾക്കൊപ്പം പ്രഫഷനൽ കോഫി മെഷീനുകളും അനുബന്ധ സേവനങ്ങളും കമ്പനി വിപണിയിലെത്തിക്കും.
ലോകമെമ്പാടും 110-ഓളം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഗ്രൂപ്പാണ് മാസിമോ സനെറ്റി. യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലായി 18 നിർമാണ യൂനിറ്റുകളും 50-ലധികം രാജ്യങ്ങളിലായി 230 കോഫി ഷോപ്പുകളും ഇവർക്കുണ്ട്. 40-ലധികം അന്താരാഷ്ട്ര ബ്രാൻഡുകൾ കൈകാര്യം ചെയ്യുന്ന ഈ ഗ്രൂപ് കാപ്പി ശേഖരണം മുതൽ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ആഗോള നിലവാരം പുലർത്തുന്നു. സൗദിയിലെ അതിവേഗം വളരുന്ന ഹോസ്പിറ്റാലിറ്റി മേഖലയെയും മാറുന്ന ഉപഭോക്തൃ താൽപ്പര്യങ്ങളെയും കണക്കിലെടുത്താണ് കമ്പനിയുടെ ഈ നീക്കം. പ്രീമിയം കോഫിക്ക് പുറമെ ചായ, കൊക്കോ, ചോക്ലേറ്റ്, സ്പൈസസ് എന്നിവയും ഈ സംരംഭത്തിലൂടെ വിപണിയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

