ബോളിവാഡ് വേൾഡ്
text_fieldsറിയാദ് ബോളിവാഡ് വേൾഡിലെ ഡോൾഫിൻ ഷോ
റിയാദ്: റിയാദ് ബോളിവാഡ് വേൾഡിലെ ഡോൾഫിൻ ഷോ ശനിയാഴ്ച (മേയ് മൂന്ന്) അവസാനിക്കും. റിയാദ് സീസൺ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച ഷോ ആണ് സീസണ് ശേഷവും ഈ ദിവസങ്ങളിലും തുടർന്നത്. ബോളിവാഡിലെത്തുന്ന സന്ദർശകരെ ത്രസിപ്പിക്കുന്നതും അവിസ്മരണീയവുമായ കാഴ്ചാനുഭവമാണ് ഡോൾഫിൻ ഷോ സമ്മാനിച്ചത്. ഡോൾഫിനുകൾ ചുണ്ടുകളും വാലും കൊണ്ട് പന്തടിക്കുന്നതും അക്രോബാറ്റിക് ഡാൻസ് ചെയ്യുന്നതും ട്രപ്പീസ് കളിക്കുന്നതും വളയത്തിൽ ചാടുന്നതും മനുഷ്യനെ എടുത്തുപൊന്തിച്ച് നീന്തുന്നതും ചെറിയ കുട്ടികളെ ഇരുത്തിയ ബോട്ടുകൾ വാലിച്ചുകൊണ്ടുപോകുന്നതുമായ പ്രകടനങ്ങൾ കാണികളെ ത്രില്ലടിപ്പിക്കും.
2022 മുതൽ എല്ലാ വർഷവും ഒക്ടോബർ മുതൽ മേയ് വരെ നീണ്ടുനിൽക്കുന്ന റിയാദ് സീസൺ കാലത്ത് ബോളിവാഡ് വേൾഡിലെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്ന ഏറ്റവും ആകർഷണീയ പരിപാടി ഡോൾഫിൻ ഷോ ആയി മാറിയിരുന്നു. സീസൺ കാലയളവിൽ പ്രതിദിനം 1500 ഓളം ആളുകളാണ് ഷോ ആസ്വദിച്ചത്. മനുഷ്യരുമായി ഇണങ്ങുന്ന 40 ഇനം ഡോൾഫിനുകളാണ് ഇവിടെയുള്ളത്. ഇതിൽ ഓരോ ദിവസവും നാല് ഡോൾഫിനുകൾ വീതം പ്രകടനങ്ങൾ അവതരിപ്പിക്കാൻ ഡോൾഫിനേറിയത്തിലെ പൂളിലേക്ക് നീന്തിപുളഞ്ഞെത്തും. ആറ് മീറ്റർ ആഴമുള്ളതാണ് ഡോൾഫിനുകൾക്ക് നീന്തിത്തുടിക്കാനും പുളച്ചുമറിയാനും റോക്കറ്റ് പോലെ കുതിച്ചുയരാനുമുള്ള പൂൾ.
ഡോൾഫിനുകളുടെ ജീവിത പരിസ്ഥിതിക്ക് ഇണങ്ങും വിധം കടൽ വെള്ളത്തിന് തുല്യമായി തണുത്ത താപനിലയും ഉയർന്ന ഉപ്പുരസവുമുള്ള വെള്ളമാണ് ഈ പൂളിലേത്. 18 വർഷത്തെ പരിചയസമ്പത്തുള്ള അന്താരാഷ്ട്ര പരിശീലകരുടെ മേൽനോട്ടത്തിലാണ് ഡോൾഫിൻ പ്രകടനങ്ങൾ. ഇതിനുപുറമെ നീർനായ, പെൻഗ്വിൻ എന്നിവയുടെ പ്രകടനങ്ങളും അരങ്ങേറാറുണ്ട്. ഡോൾഫിനുകളൊടോപ്പം ഫോട്ടോയെടുക്കാനും മറ്റും കാണികൾക്ക് അവസരമൊരുക്കാറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

