മൂന്ന് മാസം മുമ്പ് മരിച്ച യു.പി സ്വദേശിയുടെ മൃതദേഹം സൗദിയിൽ ഖബറടക്കി
text_fieldsറിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മൂന്നുമാസം മുമ്പ് മരിച്ച ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഷംസുദ്ദീന്‍റെ (38) മൃതദേഹം ഖബറടക്കി. അൽഖർജ് കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ മൂന്ന് മാസമായി അജ്ഞാത മൃതദേഹം എന്ന നിലയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹത്തെ കുറിച്ച് ആശുപത്രി അധികൃതർ അൽഖർജ് പൊലീസിൽ വിവരമറിയിക്കുകയും ഇഖാമ പരിശോധനയിൽ ഇന്ത്യക്കാരനാണെന്ന് ബോധ്യപെട്ടതിെൻറ അടിസ്ഥാനത്തിൽ പൊലീസ് ഇന്ത്യൻ എംബസിയെ അറിയിക്കുകയുമായിരുന്നു.
കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്നും തുടർ നടപടി കൈക്കൊള്ളുന്നതിനുമായി എംബസി, കേളി കലാസാംസ്കാരിക വേദിയെ ചുമതലപ്പെടുത്തി. ഇഖാമ നമ്പറിലൂടെ പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ച കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം പ്രവർത്തകർ മുഹമ്മദ് ഷംസുദ്ദീന്‍റെ നാട്ടിലെ കുടുംബവുമായി ബന്ധപ്പെട്ടു. ഉത്തർപ്രദേശ് മുറാദാബാദ് ജില്ലയിലെ ഠാക്കൂദ്വാർ സ്വദേശിയായ ഷംസുദ്ദീൻ, 11 വർഷം മുമ്പ് ദമാമിലാണ് ജോലിക്കെത്തിയത്. പിന്നീട് സ്പോൺസറുടെ ജോലിയിൽ നിന്നും മാറി കഴിഞ്ഞ എട്ടു വർഷമായി അൽഖർജിൽ ജോലി ചെയ്തു വരികയായിരുന്നു. അതിനിടയിലാണ് അന്ത്യമുണ്ടായത്.
എംബസിയുടെ നിർദേശപ്രകാരം നാട്ടിലുള്ള പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും ഷംസുദ്ദീന്‍റെ റിയാദിലുള്ള ബന്ധുവിനെ കണ്ടെത്തുകയും ചെയ്ത് നിയമനടപടി പൂർത്തിയാക്കി കുടുംബാംഗങ്ങളുടെ സമ്മതത്തോടെ അൽഖർജിലെ മഖ്ബറയിൽ ഖബറടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

