റിയാദ് അൽ ഖർജിൽ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
text_fieldsറിയാദ്: സൗദിയിലെ റിയാദ് അൽ ഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ച തിരുവനന്തപുരം വെറ്റിനാട് സ്വദേശി രാജേഷിൻറെ (58) മൃതദേഹം നാട്ടിലെത്തിച്ച് കഴിഞ്ഞ ദിവസം സംസ്കരിച്ചു. നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ഒക്ടോബർ 4 നായിരുന്നു മരണം. മൂന്ന് പതിറ്റാണ്ടിലേറെ പ്രവാസിയായിരുന്ന രാജേഷ് അൽ ഖർജിലെ സഹന പ്രദേശത്ത് വർക്ക്‌ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിൽ യാത്രക്കുള്ള തുടർനടപടികൾ നടന്നുവരുന്നതിനിടെയുള്ള മരണം കുടുംബത്തോടൊപ്പം പ്രവാസി സുഹൃത്തുക്കൾക്കും ഏറെ നോവുണർത്തി.
മരണശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ നടപടികളും കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗമാണ് ഏറ്റെടുത്തത്. ഇന്ത്യൻ എംബസിയുടെ വെൽഫെയർ ഫണ്ടിൽനിന്ന് ആവശ്യമായ സഹായം ലഭ്യമാക്കുകയും ചെയ്തു. ടിക്കറ്റ്, വീൽചെയർ, വിമാനയാത്രക്കുള്ള അനുമതി എന്നിവയുൾപ്പെടെയുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി.
നിലവിലെ സാഹചര്യങ്ങൾ കാരണം മൃതദേഹം നാട്ടിലെത്തിക്കുന്നതിലും ഏറെ പ്രതിസന്ധികൾ നേരിട്ടു. ഒടുവിൽ ഒക്ടോബർ 29ന് ദമ്മാം വിമാനത്താവളത്തിൽനിന്ന് ബഹ്റൈൻ വഴി തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം വെള്ളിയാഴ്ച സംസ്കരിച്ചു. പരേതനായ സുകുമാരപിള്ളയുടെയും ഓമന അമ്മ യുടെയും മകനാണ് രാജേഷ് . ഭാര്യ സരിതകുമാരി. മക്കൾ: ശ്രീരാഗ്, ശ്രീനാഥ്. ഇരുവരും വിദ്യാർഥികളാണ്. ഏക സഹോദരൻ സുരേഷ് കുമാർ.

