ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽ കുത്തേറ്റ് മരിച്ച സൗദി വിദ്യാർത്ഥിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി
text_fieldsമക്ക: ഈ മാസം ഒന്നിന് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽ പഠിച്ചുകൊണ്ടിരുന്ന സ്ഥലത്ത് കുത്തേറ്റതിനെ തുടർന്ന് കൊല്ലപ്പെട്ട 20 കാരനായ സൗദി വിദ്യാർത്ഥി മുഹമ്മദ് യൂസുഫ് അൽഖാസിമിന്റെ മയ്യിത്ത് സൗദിയിലെത്തിച്ച് മക്കയിൽ ഖബറടക്കി. വെള്ളിയാഴ്ച്ച മസ്ജിദുൽ ഹറാമിൽ നടന്ന ജനാസ നമസ്കാരത്തിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. ശേഷം മൃതദേഹം അൽ ഷുഹദാ മഖ്ബറയിൽ ഖബറടക്കി.
കേംബ്രിഡ്ജിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ഇ.എഫ് ഇന്റർനാഷണൽ ഭാഷാ കോളേജിലെ വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് യൂസുഫ് അൽ ഖാസിം. രാത്രി 11.30 ഓടെ താമസ സഥലത്തേക്ക് മടങ്ങുന്നതിനിടെ അക്രമികൾ ഇദ്ദേഹത്തെ വളയുകയും കത്തികൊണ്ട് കുത്തിപ്പരിക്കേല്പിക്കുകയുമായിരുന്നു. കഴുത്തിലേറ്റ 11.5 സെന്റി മീറ്റർ ആഴത്തിലുള്ള മുറിവാണ് വിദ്യാർത്ഥി മരിക്കാനുണ്ടായ കാരണം എന്നാണ് ബ്രിട്ടീഷ് സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ട പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. സംഭവത്തിൽ ബ്രിട്ടീഷ് പൗരനായ 21 കാരൻ ചാസ് കൊറിഗനെതിരെയും കുറ്റകൃത്യത്തിന് സഹായം നൽകിയെന്ന് സംശയിക്കുന്ന 50 വയസ്സുള്ള ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം, പൊതു ഇടത്തിൽ ആയുധം ഉപയോഗിക്കൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. കഴിഞ്ഞ ബുധനാഴ്ച്ച കേംബ്രിഡ്ജ് ക്രൗൺ കോടതിയിൽ ഇവരെ വിചാരണക്ക് ഹാജരാക്കിയിരുന്നു. സ്വയം പ്രതിരോധത്തിനായിട്ടാണ് താൻ വിദ്യാർത്ഥിയെ വധിച്ചതെന്നായിരുന്നു പ്രതിയുടെ വാദം. കുറ്റം നിഷേധിച്ചതിനെ തുടർന്ന് അടുത്ത കോടതി സിറ്റിംഗ് സെപ്റ്റംബർ എട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് കേസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ലണ്ടനിലെ സൗദി എംബസി അറിയിച്ചു. എംബസിയുടെ പിന്തുണയ്ക്ക് മുഹമ്മദ് യൂസുഫ് അൽഖാസിമിയുടെ കുടുംബം നന്ദി പ്രകടിപ്പിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

