ഒരു വർഷം മുമ്പ് മരിച്ച പ്രവാസിയുടെ മൃതദേഹം ഇന്ത്യൻ കോൺസുലേറ്റ് സഹായത്തോടെ നാട്ടിലയച്ചു
text_fieldsഅബഹ: ഹൃദയാഘാതത്തെ തുടർന്നു ഒരു വർഷം മുമ്പ് മരിച്ച പ്രവാസിയുടെ മൃതദേഹം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് നാട്ടിലേക്ക് അയച്ചു. ബിഹാർ സ്വദേശി നാഗേന്ദ്ര സിങ്ങി(37)ന്റെ മൃതദേഹമാണ് 14 മാസത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയത്.
അബഹയിൽ നിന്നും 150 കിലോമീറ്റർ അകലെ മദ്ദ ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു നാഗേന്ദ്ര സിങ് മരണപ്പെട്ടത്. ശേഷം മൃതദേഹം മൊഹായിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹത്തിന്റെ രേഖകൾ തെറ്റായി രേഖപ്പെടുത്തിയതും മരിച്ച വ്യക്തിയുടെ അവകാശികളോ സ്പോൺസറോ ആരെന്ന് തിരിച്ചറിയാത്തതുമാണ് അനന്തര നടപടികൾക്ക് ഇത്രയും കാലതാമസമെടുത്തതെന്ന് സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണൃവിഭാഗം കമ്മറ്റി അംഗവുമായ അഷ്റഫ് കുറ്റിച്ചൽ പറഞ്ഞു.
ഒരു വർഷത്തിലേറെയായിട്ടും തൊഴിലുടമയോ അവകാശികളോ ബന്ധപ്പെടാത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ അസീർ ഗവർണറേറ്റിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന്റെ രേഖകളിൽ പാക്കിസ്താനിയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഫയലിൽ ഇഖാമയോ പാസ്പോർട്ട് കോപ്പിയോ ഇല്ലാത്തതിനാൽ സൗദി എമിഗ്രേഷന്റെ സഹായത്തോടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് ഇന്ത്യാക്കാരനാണെന്ന് തിരിച്ചറിഞ്ഞത്.
മരിച്ച ആൾ ആരെന്ന് അന്വേഷിക്കാൻ മദ്ദ പൊലീസ് മേധാവി, അഷ്റഫ് കുറ്റിച്ചലിന്റെ സഹായം തേടുകയായിരുന്നു. ജവാസത്തിലെ വിവരങ്ങളിൽ നിന്നും കിട്ടിയ തൊഴിലുടമയുടെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ മൂന്നു വർഷം മുമ്പ് ഫൈനൽ എക്സിറ്റ് വിസയും പാസ്പോർട്ടും ശേഖരിച്ചു പോയ നാഗേന്ദ്ര സിങ് മരിച്ച വിവരം തനിക്കറിയില്ലെന്നും ഇദ്ദേഹം നാട്ടിലെത്തിയിട്ടുണ്ടാവുമെന്നാണ് കരുതിയതെന്നും സ്പോൺസർ പറഞ്ഞു.
തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം വൈസ് കോൺസുൽ നമോ നാരായൺ മീനയുടെ സഹായത്തോടെ ഇദ്ദേഹത്തിന്റെ പാസ്പോർട്ടിലെ രേഖകളിൽ നിന്നും നാട്ടിലെ മേൽവിലാസം ശേഖരിച്ച് കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ഫൈസൽ, നാഗേന്ദ്ര സിങ്ങിന്റെ ഭാര്യയിൽ നിന്നും സമ്മത പത്രം വാങ്ങി മൃതദേഹം നാട്ടിലയക്കാൻ അഷ്റഫ് കുറ്റിച്ചലിനെ ചുമതലപ്പെടുത്തി. യാത്രാരേഖയായി മൃതദേഹത്തിന് കോൺസുലേറ്റിൽ നിന്നും എമർജൻസി പാസ്പോർട്ടുണ്ടാക്കി, അബഹ നാടുകടത്തൽ കേന്ദ്രത്തിൽ നിന്നും വീണ്ടും ഫൈനൽ എക്സിറ്റ് വിസയുമുണ്ടാക്കിയാണ് മൃതദേഹം നാട്ടിലയച്ചത്.
മൃതദേഹം നാട്ടിലയക്കാനുള്ള മുഴുവൻ ചിലവുകളും കോൺസുലേറ്റ് വഹിച്ചു. ബുധനാഴ്ച മൃതദേഹം അബഹയിൽ നിന്നും സൗദിയ വിമാനത്തിൽ റിയാദിലെത്തിച്ചു. അവിടെ നിന്നും എയർ ഇന്ത്യ വിമാനത്തിൽ മുംബൈ വഴി ഇന്ന് ബിഹാറിലെ പാട്നയിലെത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. നടപടികൾ പൂർത്തിയാക്കാൻ ഒ.ഐ.സി.സി ഖമീസ് മുശൈത്ത് ടൗൺ കമ്മറ്റി പ്രസിഡന്റ് റോയി മൂത്തേടം, പോൾ സി റാഫേൽ, പ്രസാദ് നാവായിക്കുളം, ഗൾഫ് മാധ്യമം റിപ്പോർട്ടർ മുജീബ് എള്ളുവിള തുടങ്ങിയവർ സഹായിച്ചു.