ഖമീസ് മുശൈത്തിൽ ഷോക്കേറ്റ് മരിച്ച മുഹമ്മദലിയുടെ മൃതദേഹം ഖബറടക്കി
text_fieldsമുഹമ്മദലി
ഖമീസ് മുശൈത്ത്: ഖമീസ് മുശൈത്തിൽ ജോലിക്കിടെ ഷോക്കേറ്റ് മരിച്ച ഐ.സി.എഫ് പ്രവർത്തകൻ മുഹമ്മദലിയുടെ മൃതദേഹം ഖബറടക്കി. ഖമീസ് മുശൈത്ത് ബിൻ ഹസാൻ ആൽ മനീഅ് മസ്ജിദിൽ ജനാസ നമസ്‌കാരം നിർവഹിച്ച ശേഷം മഹാല റോഡിൽ യൂനിവേഴ്സിറ്റിക്കടുത്തുള്ള കറാമ മഖ്ബറയിലാണ് മൃതദേഹം ഖബറടക്കിയത്.
ഐ.സി.എഫ് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് കുറ്റിയാടി, സെക്രട്ടറിമാരായ മഹമൂദ് സഖാഫി, അബ്ദുസലാം കുറ്റിയാടി, വെസ്ററ് ചാപ്റ്റർ മീഡിയ സെക്രട്ടറി അബ്‌ദുസത്താർ പതിമംഗലം തുടങ്ങിയ നേതാക്കൾക്കും പ്രവർത്തകർക്കും പുറമെ ഖമീസ് മുശൈത്തിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവരും മലയാളി സുഹൃത്തുക്കളുമുൾപ്പടെ നിര
വധി പേർ ജനാസ നമസ്‌കാരത്തിലും അനുബന്ധ ചടങ്ങുകളിലും സംബന്ധിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി മജീദ് കക്കാട്, ഐ.സി.എഫ്, ആർ.എസ്.സി പ്രവർത്തകരായ ഇബ്രാഹീം കരീം, സത്താർ പതിമംഗലം, നിയാസ് കാക്കൂർ, സുൽഫീക്കർ, അഷ്‌റഫ്, ഡോ. മുഹ്‌സിൻ, യൂസഫ് ആലത്തിയൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിയമനടപടികൾ പൂർത്തിയാക്കിയത്.
ദീർഘകാലമായി ഖമീസ് മുശൈത്തിൽ ഇലക്ട്രിക്കൽ ജോലിചെയ്‌തു വന്നിരുന്ന കോഴിക്കോട് മുക്കം വലിയപറമ്പ് സ്വദേശി മുഹമ്മദലി (36) വ്യാഴാഴ്‌ചയാണ് ജോലിക്കിടെ ഷോക്കേറ്റ് മരണപ്പെട്ടത്. കുടുംബത്തോടൊപ്പം ഖമീസിൽ താമസിച്ചിരുന്ന മുഹമ്മദലി ജോലി കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ജോലിസ്ഥലത്ത് മരിച്ച വിവരം അറിയുന്നത്.
സാമൂഹിക സാന്ത്വന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മുഹമ്മദലി ഐ.സി.എഫ് ഖമീസ് മുശൈത്ത് റീജിയൻ പി.ആർ ആൻഡ് മീഡിയ സെക്രട്ടറി ആയിരുന്നു. ഓട്ടിസം ബാധിച്ച കുട്ടികളുടെ സംരക്ഷണവുമായി ബന്ധപെട്ട രിഫാഈ കെയർ ഫണ്ടിന്റെ സ്വരൂപണവും ഏകോപനവുമായുള്ള പ്രവർത്തങ്ങളിൽ വ്യാപൃതനായിരിക്കെയാണ് ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം.
പിതാവ്: അബ്‌ദുറഹ്‌മാൻ, മാതാവ്: ആയിഷ, ഭാര്യ: ഫാത്തിമ ജുമാന, മകൾ: ഫാത്തിമാ ഹബീബ, സഹോദരങ്ങൾ: ഉബൈദുല്ലാഹ്, സുബൈർ, അബ്ദുലത്തീഫ്, അഷ്‌റഫ്, ബുഷ്‌റ, ഭാര്യ ജുമാനയും മകളും അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

