സൗദിയിൽ മരിച്ച മലയാളി ഹൗസ് ഡ്രൈവറുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsറിയാദ്: സൗദിയിൽ മരിച്ച മലയാളി ഹൗസ് ഡ്രൈവറുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം ബാലരാമപുരം, താന്നിമൂട്, അവണകുഴി കൊല്ലം വിളാകം എസ്.ജി നിവാസിൽ പരേതരായ ശശിധരൻ - ഗിരിജാ ദേവി ദമ്പതികളുടെ മകൻ എസ്.ജി. അനുരാഗിന്റെ (40) മൃതദേഹമാണ് നാട്ടിലെത്തിച്ചത്.
കഴിഞ്ഞ ഏഴ് വർഷമായി റിയാദിന് സമീപം ദവാദ്മിയിൽ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന അനുരാഗ് താമസസ്ഥലത്ത് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ദവാദ്മി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനുരാഗിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ കേളി കലാ സാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗവും, കേളി ദവാദ്മി ജീവകാരുണ്യ കമ്മറ്റിയും സംയുക്തമായി പൂർത്തീകരിച്ചു.
അനുരാഗിന്റെ സഹപ്രവർത്തകരുടേയും മറ്റു സുഹൃത്തുക്കളുടേയും സഹകരണത്തോടെ എംബാം നടപടിക്രമങ്ങൾക്ക് ശേഷം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ റിയാദിൽനിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. അനുരാഗിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി, വീട്ടുവിളപ്പിൽ സംസ്കരിച്ചു. കേളിയുടെ ഇടപെടലിന്റെ ഭാഗമായി നോർക്കയുടെ സൗജന്യ ആംബുലൻസ് സേവനം ലഭ്യമാവുകയും, അതുവഴി മൃതദേഹം വിമാനത്താവളത്തിൽ നിന്നും വീട്ടിലെത്തിക്കുകയും ചെയ്തു. ഭാര്യ: രമ്യ, ആദിത്യൻ (11), അനാമിക (9) എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

