ജിസാനിൽ മരിച്ച കന്യാകുമാരി സ്വദേശിയുടെ മൃതദേഹം നാട്ടിലേക്കയച്ചു
text_fieldsജസ്റ്റിൻ സൂസെ അന്തോണി
ജിസാൻ: ജിസാനിൽ മരിച്ച കന്യാകുമാരി സ്വദേശി ജസ്റ്റിൻ സൂസെ അന്തോണിയുടെ (52) മൃതദേഹം സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിക്കാൻ വഴിയൊരുങ്ങി. കഴിഞ്ഞ മാസം 11നാണ് ജസ്റ്റിൻ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്. ജിസാൻ ഫിഷിങ് ഹാർബറിലെ മത്സ്യത്തൊഴിലാളിയായിരുന്നു. ഫ്ലാറ്റിൽ വെച്ച് രാത്രി നെഞ്ചുവേദനയെ തുടർന്ന് സഹപ്രവർത്തകർ ജിസാനിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ജിസാൻ സിറ്റി സൗത്ത് പൊലീസിന്റെ നിർദേശപ്രകാരം ജിസാൻ പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് പൊലീസിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ചത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.
ജസ്റ്റിന്റെ സ്പോൺസർ അവാജി ഹുസൈൻ ഹക്കമിയുമായി ബന്ധപ്പെട്ട് ‘ജല’യുടെ കേന്ദ്രകമ്മിറ്റി ഭാരവാഹികളായ സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, ഗഫൂർ പൊന്നാനി, യൂനിറ്റ് ഭാരവാഹികളായ ജമാൽ കടലുണ്ടി, സമീർ പരപ്പനങ്ങാടി എന്നിവരാണ് മൃതദേഹം നാട്ടിലയക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയത്. നിയമനടപടികൾ പൂർത്തിയാക്കാൻ ജസ്റ്റിന്റെ സഹപ്രവർത്തകനും ബന്ധുവുമായ മൊയ്സൺ പിള്ളക്ക് ബന്ധുക്കൾ മുക്ത്യാർപത്രം നൽകിയിരുന്നു.
‘ജല’ പ്രവർത്തകരുടെ സഹകരണത്തോടെ സൗദി എയർലൈൻസ് വിമാനത്തിൽ ജിസാനിൽനിന്ന് റിയാദ് വഴി കൊച്ചിയിലെത്തിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി വിമാനത്താവളത്തിൽനിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി ശനിയാഴ്ച രാവിലെ സംസ്കരിക്കും. രണ്ടര മാസം മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. സൂസെ അന്തോണിയുടെയും മരിയ പുഷ്പയുടെയും മകനാണ്. ഭാര്യ: മേരി, മക്കൾ: ജോൺ വർഷൻ, ജേഷ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

