ആണ്ടിച്ചാമിയുടെ ഭൗതികശരീരമെത്തി, പിറന്ന നാട്ടിലെ മണ്ണിലലിയാൻ
text_fieldsആണ്ടിച്ചാമി
റിയാദ്: ആണ്ടിച്ചാമിയുടെ ഭൗതികശരീരം ഇനി സ്വന്തം ഊരിലെ മണ്ണിൽ അലിഞ്ഞുചേരും. സൗദി അറേബ്യയിൽ രണ്ടുമാസം മുമ്പ് സംസ്കരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം വീട്ടുകാരുടെ ആഗ്രഹപ്രകാരമാണ് പുറത്തെടുത്ത് നാട്ടിലെത്തിച്ചത്. മധുര തോപ്പുലംപട്ടി സ്വദേശി ആണ്ടിച്ചാമി പളനിസാമിയുടെ (42) മൃതദേഹം ആചാരപ്രകാരം സംസ്കരിക്കാൻ നാട്ടിലെത്തിച്ചുതരണമെന്ന ഉറ്റവരുടെ ആഗ്രഹം സഫലീകരിക്കാൻ സൗദി അധികൃതരും ഇന്ത്യൻ എംബസിയും മലയാളി സാമൂഹികപ്രവർത്തകരും കൈകോർക്കുകയായിരുന്നു.
സൗദി മധ്യപ്രവിശ്യയിലെ ശഖ്‌റയില്‍ സംസ്കരിച്ച മൃതദേഹം ഇന്ത്യന്‍ എംബസി, ഗവര്‍ണറേറ്റ്, ബലദിയ (മുനിസിപ്പാലിറ്റി), പൊലീസ്, ആശുപത്രി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെയും കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് പ്രവർത്തകരുടെയും സാന്നിധ്യത്തില്‍ ശനിയാഴ്ച വൈകീട്ടാണ് പുറത്തെടുത്തത്. ശേഷം റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി റിയാദിൽനിന്ന് പുറപ്പെട്ട ശ്രീലങ്കൻ എയർവേയ്സ് വിമാനത്തിൽ കൊണ്ടുപോയ മൃതദേഹാവശിഷ്ടങ്ങൾ ശനിയാഴ്ച രാവിലെ ട്രിച്ചി എയർപോർട്ടിലെത്തി. ബന്ധുക്കൾ ഏറ്റുവാങ്ങി സ്വന്തം ഊരിലെത്തിച്ച് സംസ്കരിച്ചു, അവർ ആഗ്രഹിച്ച രീതിയിൽ ആചാരപ്രകാരം തന്നെ. സഹോദരൻ യോഗേശ്വരൻ റിയാദിൽനിന്ന് മൃതദേഹത്തെ അനുഗമിച്ചു.
സൗദിയിൽ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആണ്ടിച്ചാമിയെ ഈ വർഷം മേയ് 19നാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുമായി കമ്പനി അധികൃതർ മുന്നോട്ട് പോകുന്നതിനിടെ ജൂണ്‍ 16ന് ശഖ്റയിൽ അടക്കം ചെയ്യുകയായിരുന്നു. നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള എൻ.ഒ.സി ഇന്ത്യന്‍ എംബസി ഇഷ്യു ചെയ്യുകയും ചെയ്തിരുന്നു. അതിനിടെയാണ് അടക്കം നടന്നത്.
എന്നാൽ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെടുകയായിരുന്നു. എംബസി ഈ വിഷയം കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങിനെ ഏല്‍പ്പിച്ചു. അവര്‍ റിയാദ് ഗവര്‍ണറേറ്റ്, റിയാദ് പൊലീസ്, മജ്മഅ, ശഖ്‌റ എന്നിവിടങ്ങളിലെ പൊലീസ്, ആശുപത്രി അധികൃതർ, മജ്മഅ ഗവര്‍ണറേറ്റ്, ബലദിയ എന്നിവയുമായി ബന്ധപ്പെട്ടാണ് മൃതദേഹം പുറത്തെടുക്കാനുള്ള അനുമതി നേടിയത്.
ശുമൈസി ഫോറൻസിക് ഡിപ്പാര്‍ട്ടുമെന്റിലെ അഞ്ച് ഉദ്യോഗസ്ഥര്‍, ശഖ്റയിലെ പൊലീസ് ഉദ്യോഗസ്ഥർ, ബലദിയ ഉദ്യോഗസ്ഥര്‍, റിയാദ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ അനില്‍ ദത്ത് റത്തൂരി, ശിവപ്രസാദ്, റനീഫ്, ഹരീഷ്, കമ്യൂണിറ്റി വെല്‍ഫെയര്‍ വളൻറിയറും കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാനുമായ റഫീഖ് പുല്ലൂർ, വൈസ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, വിങ് മീഡിയ ചെയർമാൻ സലീം സിയാംകണ്ടം, ഇസ്ഹാഖ് താനൂർ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്ത് റിയാദിൽ എത്തിച്ചത്. നാട്ടിൽ കൊണ്ടുപോയി ആചാരപ്രകാരം സംസ്കരിക്കുന്നതിന് സൗദിയില്‍ ഇങ്ങനെ പുറത്തെടുക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്റെ മൃതദേഹമാണ് ആണ്ടിച്ചാമിയുടേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

