അൽഖോബാറിൽ തെലങ്കാന യുവതി കൊലപ്പെടുത്തിയ മൂന്ന് മക്കളുടെ മൃതദേഹങ്ങൾ ഖബറടക്കി
text_fieldsഅൽഖോബാർ: കഴിഞ്ഞ മാസം 26 ന് അൽഖോബാർ ശിമാലിയയിലെ താമസസ്ഥലത്ത് വെച്ച് തെലങ്കാന യുവതി കൊലപ്പെടുത്തിയ മൂന്ന് മക്കളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച അൽഖോബാറിൽ ഖബറടക്കി. തെലുങ്കാന ഹൈദരാബാദ് ടോളിചൗക്കി സ്വദേശി മുഹമ്മദ് ഷാനവസിന്റെ ഭാര്യ സൈദ ഹുമൈറ അംറീനാണ് ബാത് ടബ്ബിൽ വെള്ളം നിറച്ച് മക്കളെ ഓരോരുത്തരെയായി മുക്കി ശ്വാസം മുട്ടിച്ച് കൊന്നത്.
ആറു വയസ്സുള്ള ഇരട്ടക്കുട്ടികളായ സാദിഖ് അഹമ്മദ് മുഹമ്മദ്, ആദിൽ അഹമ്മദ് മുഹമ്മദ്, മൂന്നു വയസ്സുകാരൻ യുസുഫ് അഹമ്മദ് മുഹമ്മദ് എന്നീ കുട്ടികളെയാണ് കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകത്തിന് ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നെങ്കിലും തെന്നിവീണതിനാൽ രക്ഷപ്പെട്ടു.
ദീർഘകാലമായി പ്രവാസിയായ മുഹമ്മദ് ഷാനവാസ് എട്ടു മാസം മുമ്പാണ് കുടുംബത്തെ സന്ദർശക വിസയിൽ സൗദിയിലേക്ക് കൊണ്ടുവന്നത്. കുടുംബവഴക്കായിരുന്നു കുഞ്ഞുങ്ങളുടെ കൊലപാതകം വരെ എത്തിയ സംഭവത്തിന് പിന്നിൽ. സൈദ ഹുമൈറ അംറീൻ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായി സംഭവശേഷം ഭർത്താവ് പറഞ്ഞിരുന്നു. അതേസമയം ജീവിതത്തിലെ ഒറ്റപ്പെടലും, നിരാശയുമാണ് ഇത്തരത്തിൽ കടുംകൈ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നായിരുന്നു യുവതിയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

