ബ്ലോക്ക് തല പ്രവാസി പ്രമോട്ടർമാരെ നിയമിക്കണം; പ്രവാസി ലീഗ്
text_fieldsതിരുവനന്തപുരം നോർക്ക സെന്ററിൽ വിളിച്ചു ചേർത്ത സംഘടന പ്രതിനിധികളുടെ യോഗത്തിൽനിന്ന്
ജിദ്ദ / തിരുവനന്തപുരം: പ്രവാസി ക്ഷേമ ബോർഡിെൻറ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനും പെൻഷൻ പദ്ധതിയിലെ അംശദായം കുടിശ്ശികയാകാതെ ബോർഡിന് ലഭ്യമാക്കുന്നതിനും പ്രവാസി ബോർഡ് പ്രമോട്ടർമാരെ ഓരോ ബ്ലോക്കിലും നിയമിക്കണമെന്ന് പ്രവാസി ലീഗ് സർക്കാറിനോട് ആവശ്യപ്പെട്ടു.
നോർക്ക ഡയറക്ടർ ആസിഫ് യൂസുഫ്, പ്രവാസി ബോർഡ് സി.ഇ.ഒ നജീബ് എന്നിവർ തിരുവനന്തപുരം നോർക്ക സെന്ററിൽ വിളിച്ചു ചേർത്ത സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് പ്രവാസി ലീഗ് നേതാക്കൾ ആവശ്യം ഉന്നയിച്ചത്. അടക്കാതെ മുടങ്ങി കിടക്കുന്ന അംശദായ തുക 625 കോടി രൂപയാണെന്നും ഇത് സമയബന്ധിതമായി അടക്കുന്നതിന് പ്രാദേശികമായി അദാലത്തുകൾ സംഘടിപ്പിക്കുക, ഇളവുകൾ അനുവദിക്കുക, ബാങ്ക് വഴി ലഭിക്കുന്നതിനു ഓട്ടോ ഡെബിറ്റ്, സ്റ്റാൻഡിങ് ഇൻസ്‌ട്രക്ഷൻ സംവിധാനം ക്രമീകരിക്കുക, പ്രവാസി, സ്വദേശി സ്ഥാപനങ്ങളിൽനിന്ന് സി.എസ്.ആർ ഫണ്ട് ലഭ്യമാക്കുക, രണ്ട് ശതമാനം മാത്രമുള്ള സർക്കാർ വിഹിതം വർധിപ്പിക്കുക, കിഫ്‌ബി നിക്ഷേപ ഡിവിഡൻറ് പ്രവാസി പെൻഷൻ ഫണ്ടിൽനിന്ന് നൽകുന്നത് ഒഴിവാക്കുക, പുതിയ അംഗങ്ങളെ ചേർക്കുന്നതിന് കാമ്പയിൻ സംഘടിപ്പിക്കുക, 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് അംഗത്വം നൽകുക, അതിനായി ആറ് മാസ പൊതുമാപ്പ് കാലാവധി നിശ്ചയിക്കുക, ഓൺലൈൻ, ഒ.ടി.പി സംവിധാനങ്ങളിലുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു ലളിതമാക്കുക, തദ്ദേശ സ്ഥാപനങ്ങളിൽ പ്രവാസി കാര്യ സ്റ്റാൻഡിങ് കമ്മിറ്റി, പ്രവാസി വർക്കിങ് ഗ്രൂപ് എന്നിവ രൂപവത്കരിക്കുക, കഴിഞ്ഞ വർഷം നടപ്പാക്കിയ പെൻഷൻ അർഹത ഭേദഗതി ഏറെ പേർക്ക് അംഗത്വം നഷ്ടപ്പെടുത്തുന്നതിനാൽ ഭേദഗതി പിൻവലിക്കുക, നോർക്ക കെയർ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ മുൻ പ്രവാസികളെ ഉൾപ്പെടുത്തുക, നിലവിൽ ഇൻഷുറൻസ് പദ്ധതിയിൽ ക്ലെയിമുകൾ അനാവശ്യമായി റിജക്ട് ചെയ്യുന്നു എന്ന പരാതി അടിയന്തിരമായി പരിശോധിച്ച് ആവശ്യമായ ഇടപെടൽ നടത്തുക തുടങ്ങിയ നിർദേശങ്ങളും പ്രവാസി ലീഗ് മുന്നോട്ട് വെച്ചു. കുടിശിക ഉൾപ്പെടെ അടുത്ത പെൻഷൻ ഓണത്തിന് മുമ്പായി നൽകണമെന്നും പ്രവാസി ലീഗ് ശക്തമായി ആവശ്യപ്പെട്ടു.
യോഗനിർദേശങ്ങൾ സർക്കാറിലും ബോർഡിലും ഉന്നയിച്ചു ആവശ്യമായ നടപടികൾ ഉടനെ ഉണ്ടാകുമെന്ന് യോഗത്തിൽ നോർക്ക അധികൃതർ ഉറപ്പ് നൽകി. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡൻറ് ഹനീഫ മൂന്നിയൂർ, വൈസ് പ്രസിഡൻറുമാരായ പി.എം.എ ജലീൽ, ഉമയനല്ലൂർ ശിഹാബുദ്ദീൻ എന്നിവരും മറ്റു പ്രവാസി സംഘടന നേതാക്കളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

