ബ്ലാസ്റ്റേഴ്സ് സൂപ്പർ ലീഗ്: എ ഡിവിഷൻ മത്സരങ്ങൾക്ക് ഇന്നു തുടക്കം
text_fieldsrepresentational image
ജിദ്ദ: ബ്ലാസ്റ്റേഴ്സ് എഫ്.സി ജിദ്ദ സംഘടിപ്പിക്കുന്ന അബീർ ബ്ലാസ്റ്റേഴ്സ് സൂപ്പർ ലീഗിൽ എ ഡിവിഷൻ മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം. അൽമാസ് പ്ലാസ്റ്റിക്സ് ആൻഡ് ക്ലീനിങ്, എൻ-കോൺഫോർട്സ്, ബാഹി ഗ്രൂപ് എന്നിവർ പ്രായോജകരാകുന്ന ടൂർണമെന്റിൽ സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിൽ രജിസ്റ്റർ ചെയ്ത 19 ടീമുകൾ പങ്കെടുക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി എട്ടിന് നടക്കുന്ന ബി ഡിവിഷൻ മത്സരത്തിൽ ജിദ്ദ എഫ്.സി, സ്കൈലോൺ ഐ.ടി സോക്കറിനെ നേരിടും. ഒമ്പതിന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ സ്പോൺസർമാരും സിഫ് ഭാരവാഹികളും പങ്കെടുക്കും.
9.30ന് നടക്കുന്ന ആദ്യ എ ഡിവിഷൻ മത്സരത്തിൽ ജിദ്ദയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബുകളിലൊന്നായ എ.സി.സിയും, എ ഡിവിഷൻ ലീഗിലേക്ക് പുതുതായി കടന്നുവന്ന മഹജർ എഫ്.സിയും തമ്മിൽ ഏറ്റുമുട്ടും. 10.30ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ സിഫിലെ നിലവിലെ ചാമ്പ്യന്മാരായ സബീൻ എഫ്.സിയും ബ്ലാസ്റ്റേഴ്സ് എഫ്.സിയുമാണ് ഏറ്റുമുട്ടുക.
കുട്ടികളുടെ മത്സരങ്ങൾ വ്യാഴം, ശനി ദിവസങ്ങളിലാണ് നടക്കുക. ശനിയാഴ്ച രാവിലെ ഏഴിന് ജെ.എസ്.സി സ്പോർട് അക്കാദമി, സോക്കർ ഫ്രീക്സിനെ നേരിടും. രാവിലെ എട്ട് മണിക്ക് സ്പോർട്ടിങ് യുനൈറ്റഡ് അവരുടെ തന്നെ മറ്റൊരു ടീമായ സ്പോർട്ടിങ് യുനൈറ്റഡ് ബിയെ നേരിടും.
കഴിഞ്ഞയാഴ്ച നടന്ന ബി ഡിവിഷൻ മത്സരത്തിൽ എൻ-കൺഫർട്സ് എ.സി.സിയും യൂത്ത് ഇന്ത്യയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ആർക്കും ഗോൾ നേടാനായില്ല. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ യൂത്ത് ഇന്ത്യ ഗോൾ കീപ്പർ ഹബീബ് റഹ്മാനെ മത്സരത്തിലെ കേമനായി തിരഞ്ഞെടുത്തു. ബി-ഡിവിഷനിലെ മറ്റൊരു മത്സരത്തിൽ എൻ-കൺഫേർട്സ് റെഡ് സീ ബ്ലാസ്റ്റേഴ്സ്, ബ്ലൂസ്റ്റാർ ബിയെ സമനിലയിൽ കുരുക്കി.
മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ റെഡ്സീ സ്ട്രൈക്കർ മുനവ്വർ കുറ്റീരിയെ കളിയിലെ കേമനായി തിരഞ്ഞെടുത്തു. ജൂനിയർ വിഭാഗം മത്സരത്തിൽ ടാലന്റ് ടീൻസ്, സ്പോർട്ടിങ് യുനൈറ്റഡ്-ബിയെ പരാജയപ്പെടുത്തി. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ടോപ് സ്കോററായ ടാലൻറ് ടീൻസിലെ ആസിഫിനെ കളിയിലെ കേമനായി തിരഞ്ഞെടുത്തു. മറ്റൊരു ജൂനിയർ വിഭാഗം മത്സരത്തിൽ സ്പോർട്ടിങ് യുനൈറ്റഡ്, ജെ.എസ്.സി സ്പോർട്സ് ക്ലബിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. സ്പോർട്ടിങ് യുനൈറ്റഡിലെ അഫീഫ് അഹമ്മദിനെ കളിയിലെ കേമനായി തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

