റിയാദിൽ ബ്ലാക് ആൻഡ് വൈറ്റ് സെവൻസ് ടൂർണമെൻറിന് തുടക്കം
text_fieldsഅഖിൽ (യൂത്ത് ഇന്ത്യ), 2. ഷിബിലി (റിയാദ് ബ്ലാസ്റ്റേഴ്സ്), 3. മുർഷിദ് (എഫ്.സി ദാറുൽ ബൈദ), 4. അക്ഷയ് (സ്പോർട്ടിങ് എഫ്.സി)
റിയാദ്: ലോകകപ്പ് കളിയാരവങ്ങൾ പെയ്തൊഴിഞ്ഞ ഫുട്ബാൾ ദിനരാത്രങ്ങൾക്ക് ശേഷം കളിയാവേശത്തിെൻറ സെവൻസ് പതിപ്പുകൾക്ക് റിയാദിൽ തുടക്കമായി. അൽ ഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിൽ റിയാദിലെ 15 പ്രവാസി ക്ലബ്ബുകൾ പങ്കെടുക്കുന്ന പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് വ്യാഴാഴ്ച രാത്രിയായിരുന്നു കിക്ക് ഓഫ്.
ആദ്യ മത്സരത്തിൽ നഹ്ദ എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴ്പ്പെടുത്തി യൂത്ത് ഇന്ത്യ എഫ്.സി തങ്ങളുടെ വരവറിയിച്ചു. രണ്ടു ഗോൾ സ്കോർ ചെയ്ത അഖിൽ ‘മാൻ ഓഫ് ദി മാച്ചാ’യി തെരെഞ്ഞെടുക്കപ്പെട്ടു. തുടർന്ന് നടന്ന പോരാട്ടത്തിൽ സോക്കർ ക്ലബ് റിയാദിനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി റിയാദ് ബ്ലാസ്റ്റേഴ്സ് എഫ്.സി വിജയം കണ്ടു. ഷിബിലിയായിരുന്നു ഈ കളിയിലെ താരം. ടൂർണമെൻറിെൻറ ഔപചാരിക ഉദ്ഘാടനം എ.ബി.സി കാർഗോ മാനേജർ സലിം നിർവഹിച്ചു. ചടങ്ങിൽ ഫ്രൻഡി മാർക്കറ്റിങ് ഹെഡ് ലുഖ്മാൻ, റിഫ ടെക്നിക്കൽ ചെയർമാൻ ഷക്കീൽ തിരൂർക്കാട്, ജനറൽ സെക്രട്ടറി നസീബ് പുത്തൻ പീടിക, ട്രഷറർ ഫൈസൽ കൊല്ലം, സംഘാടക സമിതി ചെയർമാൻ ബഷീർ കാരന്തൂർ, ബ്ലാക് ആൻഡ് വൈറ്റ് എഫ്.സി ടെക്നിക്കൽ ചെയർമാൻ അബ്ദുൽ ഹക്കീം, അഷ്റഫ് കൊടിഞ്ഞി (ഗൾഫ് മാധ്യമം) എന്നിവർ പങ്കെടുത്തു.
മൂന്നാമത്തെ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽ സാദ് എഫ്.സിയെ തോൽപിച്ച് എഫ്.സി ദാറുൽ ബൈദയും ക്വാർട്ടർ ഉറപ്പിച്ചു. രണ്ടു ഗോളടിച്ച മുർഷിദ് കളിയിലെ കേമനായി. അൽ മുറൂജ് യുനൈറ്റഡിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് നിഷ്പ്രഭമാക്കി സ്പോർട്ടിങ് എഫ്.സിയും ക്വാർട്ടറിൽ പ്രവേശിച്ചു. അക്ഷയ് മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹനായി.
സൗദി ഫുട്ബാൾ റഫറിമാരായ അലി അൽ ഖഹ്താനി, അബ്ദുൽ അസീസ് എന്നിവരടങ്ങിയ പാനലാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. നിസാർ കുന്നുംപുറം, നജീബ് മാറഞ്ചേരി, നസീഫ് മാറഞ്ചേരി എന്നിവരായിരുന്നു റഫറി പാനലിലെ മറ്റ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

