പ്രവാസി കുട്ടികളുടെ ജനന സർട്ടിഫിക്കറ്റുകൾ, നെഞ്ചിടിപ്പിൽ രക്ഷിതാക്കൾ
text_fieldsവിദേശത്ത് ജനിച്ച ഇന്ത്യൻ പൗരന്മാരായ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റുകൾക്ക് നാട്ടിൽ നിയമപരമായ അംഗീകാരം ലഭിക്കുമോ എന്ന കാര്യത്തിൽ പ്രവാസി രക്ഷിതാക്കൾക്കിടയിൽ ആശങ്ക പുകയുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും നിയമപരിഷ്കാരങ്ങളും മുൻനിർത്തി ഭാവിയിൽ പൗരത്വ രേഖകൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ഈ സർട്ടിഫിക്കറ്റുകൾ മതിയാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലും നിന്ന് നിയമപരമായി ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റുകളും, അതത് രാജ്യങ്ങളിലെ ഭാഷകളിൽ നിന്നുള്ള അംഗീകൃത വിവർത്തനങ്ങളുമാണ് ഇതുവരെ ഔദ്യോഗിക രേഖകളായി സ്വീകരിക്കപ്പെട്ടിരുന്നത്. പാസ്പോർട്ട് നടപടികൾക്കും സ്കൂൾ പ്രവേശനത്തിനുമെല്ലാം ഈ രേഖകളായിരുന്നു ഏക ആശ്രയം. എന്നാൽ, പൗരത്വ നിയമങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും മാറ്റങ്ങളും സജീവമായതോടെ, ഈ രേഖകളുടെ ഭാവി സുരക്ഷയെക്കുറിച്ച് രക്ഷിതാക്കൾ ആശങ്കാകുലരാണ്.
കേരളത്തിൽനിന്ന്, പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽനിന്ന് വിദേശത്ത് ജോലി ചെയ്യുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ പ്രശ്നത്തിെൻറ വ്യാപ്തി വളരെ വലുതാണ്. മലപ്പുറം ജില്ലയിൽ മാത്രം നൂറുകണക്കിന് രക്ഷിതാക്കൾ ഈ വിഷയത്തിൽ വ്യക്തത തേടി അലയുന്നുണ്ട്.
ഉപരിപഠനത്തിന് അപേക്ഷിക്കുമ്പോൾ രേഖകളിലെ സാങ്കേതികത തടസ്സമാകുമോ എന്ന ഭയം, ആനുകൂല്യങ്ങൾക്കും തിരിച്ചറിയൽ രേഖകൾക്കും വിദേശ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കപ്പെടുമോ എന്ന അനിശ്ചിതത്വം, ഭാവിയിൽ പൗരത്വം തെളിയിക്കേണ്ടി വരുമ്പോൾ എംബസി സർട്ടിഫിക്കറ്റുകൾ മാത്രം മതിയോ എന്ന ഗൗരവകരമായ സംശയം എന്നീ ആശങ്കകളാണ് നിലനിൽക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് പ്രവാസി സമൂഹം ആവശ്യപ്പെടുന്നത്. പഞ്ചായത്ത്-നഗരസഭാ കൗൺസിലുകൾ ഈ വിഷയത്തിെൻറ ഗൗരവം ഉൾക്കൊണ്ട് സംസ്ഥാന-കേന്ദ്ര സർക്കാറുകളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട്. വിദേശത്ത് ജനിച്ച ഇന്ത്യൻ കുട്ടികളുടെ ജനന രജിസ്ട്രേഷൻ നടപടികൾ ലഘൂകരിക്കാനും നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഇവ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാനുമുള്ള സംവിധാനങ്ങൾ ഉണ്ടാകണമെന്നാണ് പൊതുവായ ആവശ്യം. പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാരുകൾ എത്രയും വേഗം വ്യക്തമായ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

