സൗദിയിൽ ബിനാമി ഇടപാടുകൾ: ആഗസ്റ്റിൽ 239 സംശയകരമായ കേസുകൾ കൂടി കണ്ടെത്തി
text_fieldsറിയാദ്: ബിനാമി ഇടപാടുകൾ തടയുന്നതിനുള്ള ദേശീയ പരിപാടിയുടെ ഭാഗമായി ഇക്കഴിഞ്ഞ ആഗസ്റ്റിൽ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ആകെ 5,161 പരിശോധനകൾ നടത്തിയതായി ദേശീയ ബിനാമി വിരുദ്ധ പ്രോഗ്രാം വ്യക്തമാക്കി. ഇതിൽ ബിനാമി ഇടപാടുകളെന്ന് സംശയിക്കുന്നതിെൻറ സൂചകങ്ങളുടെയും അടയാളങ്ങളുടെയും അടിസ്ഥാനത്തിൽ 239 കേസുകൾ കൂടി അധികൃതർ പിടികൂടി.
നിയമലംഘകരെ കൂടുതൽ പരിശോധനകൾക്കും അവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾ നിയമങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ബിനാമി വിരുദ്ധ സംവിധാനത്തിെൻറ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും ഫലപ്രദമായി തടയുക എന്നിവയാണ് ഈ പരിശോധനകളുടെ പ്രധാന ലക്ഷ്യം.
കർഷകരുടെയും റോസാപ്പൂക്കളുടെയും ചില്ലറ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ, ട്രാവൽ ആൻഡ് ടൂറിസം ഏജൻസികൾ, റസ്റ്റാറൻറുകൾ, ഈന്തപ്പഴത്തിെൻറ ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ, ചെടി നഴ്സറികൾ, സ്ത്രീകളുടെ അബായകളുടെ ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങി വിവിധ മേഖലകളിൽപ്പെട്ട നിരവധി സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയതായി ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

