ബിജു പി. നീലേശ്വരം പ്രവാസ വേഷമഴിക്കുമ്പോൾ
text_fieldsദമ്മാം: മണലാരുണ്യത്തിൽ നാടകത്തിെൻറ പൂമരങ്ങൾ നട്ടുനനച്ച, കിഴക്കൻ പ്രവിശ്യയിലെ പ്രവാസി മലയാളിക്ക് തിയേറ്റർ അനുഭവങ്ങളുടെ പുതിയ ആകാശം സമ്മാനിച്ച നാടകകൃത്തും സംവിധായകനുമായ ബിജു പി. നീലേശ്വരം പ്രവാസ വേഷമഴിച്ചുവെച്ച് നാട്ടിലേക്ക് മടങ്ങുന്നു. മൂന്നരപ്പതിറ്റാണ്ട് നീണ്ട സൗദി ജീവിതത്തിനാണ് അദ്ദേഹം വിരാമമിടുന്നത്.
പ്രവാസ ലോകത്ത് കലയെ സ്നേഹിക്കുന്നവർക്ക് അദ്ദേഹം വെറുമൊരു സംവിധായകനായിരുന്നില്ല, നാടകത്തിനായി ജീവിതം സമർപ്പിച്ച പ്രിയപ്പെട്ട ‘മാഷ്’ ആയിരുന്നു. നാടകം ജീവവായുവായി കൊണ്ടുനടന്ന ബിജുവിെൻറ കുട്ടിക്കാലം പരിമിതികളും ഏകാന്തതയും നിറഞ്ഞതായിരുന്നു. നാലാം വയസ്സിൽ പിതാവ് നഷ്ടപ്പെട്ട അദ്ദേഹത്തിന് ബാല്യത്തിലെ ഏറ്റവും വലിയ സന്തോഷം നാടകങ്ങൾ കാണുക എന്നതായിരുന്നു.
സ്കൂൾ-കോളജ് കാലഘട്ടത്തിൽ തന്നെ നാടകങ്ങൾ എഴുതാനും സുഹൃത്തുക്കളെ സംഘടിപ്പിച്ചു വേദികളിലെത്തിക്കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. മികച്ച നടനുള്ള പുരസ്കാരങ്ങളും പലതവണ തേടിയെത്തി. മകനെ നല്ല നിലയിൽ പഠിപ്പിക്കാൻ അമ്മ കണ്ടെത്തിയ മാർഗമായിരുന്നു വൈദികപഠനം. ബിരുദ പഠനത്തിന് ശേഷം അച്ഛൻ പട്ടത്തിനായി സെമിനാരിയിൽ ചേർന്നപ്പോഴും ബിജുവിെൻറ മനസ്സിൽ നാടകം തന്നെയായിരുന്നു.
സെമിനാരിയിലെ കർശനമായ അച്ചടക്കങ്ങൾ ലംഘിച്ച്, മതിലുചാടി അമ്പലപ്പറമ്പുകളിൽ നാടകം കാണാൻ പോയതിന് പലതവണ പിടിയിലായിട്ടുണ്ട്. പിന്നീട് ഉപരിപഠനത്തിനായി ഫിലിപ്പീൻസിലേക്ക് അയക്കപ്പെട്ടപ്പോഴും പ്രധാന ഹോബി സഹപാഠികളെ കൂട്ടി ഇംഗ്ലീഷ് നാടകങ്ങൾ ഒരുക്കലായിരുന്നു. ഒടുവിൽ മനസ്സിൽ കയറാത്ത പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നെങ്കിലും, ഇതിനിടയിൽ ബിരുദാനന്തര ബിരുദം അദ്ദേഹം സ്വന്തമാക്കിയിരുന്നു.
1992-ൽ ആരംഭിച്ച സൗദി പ്രവാസമാണ് ബിജുവിെൻറ നാടക മോഹങ്ങൾക്ക് വീണ്ടും ചിറകുകൾ നൽകിയത്. വിവിധ സംഘടനകളുടെ സഹായത്തോടെ നിരവധി അമച്വർ നാടകങ്ങളും ബൈബിൾ നാടകങ്ങളും അദ്ദേഹം അരങ്ങിലെത്തിച്ചു. 2013-ൽ ‘ദമ്മാം നാടക വേദി’ രൂപവത്കരിച്ചതോടെ പ്രഫഷനൽ നാടകങ്ങൾ പ്രവാസ മണ്ണിൽ അവതരിപ്പിക്കുക എന്ന അദ്ദേഹത്തിെൻറ ചിരകാല സ്വപ്നം യാഥാർഥ്യമായി.
വെല്ലുവിളികൾ ഏറെയുണ്ടായിട്ടും എട്ടോളം പ്രഫഷനൽ നാടകങ്ങളാണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ട്രാൻസ്ജെൻഡേഴ്സിെൻറ കഥ പറഞ്ഞ ‘ശിഖണ്ഡിനി’ എന്ന നാടകം സൗദിക്ക് പുറമെ ഖത്തറിലും, നാട്ടിൽ പ്രശസ്തമായ സൂര്യ ഫെസ്റ്റിവലിലും അവതരിപ്പിക്കപ്പെട്ട് ഏറെ പ്രശംസ പിടിച്ചുപറ്റി.
2024-ൽ ഷേക്സ്പിയറിെൻറ ജീവിതകഥ പ്രമേയമാക്കി അദ്ദേഹം സംവിധാനം ചെയ്ത ‘ഇതിഹാസം’ എന്ന മൂന്നര മണിക്കൂർ നീണ്ട ദൃശ്യവിരുന്ന് ദമ്മാമിലെ നാടക ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ബിജു എന്ന സംവിധായകെൻറ സമർപ്പണത്തിെൻറ സാക്ഷ്യപത്രമായിരുന്നു ആ നാടകം.
‘ഓരോ നാടക ക്യാമ്പും ഒരു തപസ്സായിരുന്നു. ഒരുപാട് പ്രതിഭകളെ പ്രവാസ മണ്ണിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞു. മടങ്ങുമ്പോൾ കൂടെക്കൂട്ടാൻ എനിക്ക് വിലപ്പെട്ടതായിട്ടുള്ളത് ഈ നാടക ഓർമകളും അതിലെ വലിയ സൗഹൃദങ്ങളും മാത്രമാണ്. ഇനി നാട്ടിലെ പഴയ നാടകത്തട്ടകങ്ങളിലേക്ക് മടങ്ങണം...’
ബിജു പി. നീലേശ്വരം
പ്രവാസത്തിെൻറ തിരക്കുകൾക്കിടയിലും കലയെ നെഞ്ചോട് ചേർത്തുവെച്ച മാഷ് മടങ്ങുമ്പോൾ, ദമ്മാമിെൻറ സാംസ്കാരിക വേദിക്ക് അത് വലിയൊരു നഷ്ടമാണെന്ന് സാംസ്കാരിക പ്രവർത്തകർ പറയുന്നു. എങ്കിലും, നാട്ടിലെ വലിയ കാൻവാസുകളിൽ അദ്ദേഹത്തിെൻറ നാടകങ്ങൾ ഇനിയും വിസ്മയങ്ങൾ തീർക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സുഹൃത്തുക്കളും നാടകപ്രേമികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

