തിരക്കഥകൾക്കപ്പുറം കേരളം കാക്കേണ്ട ജാഗ്രത
text_fieldsഒരു അച്ഛൻ മകളെ രക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന സന്ദേശമാണ് ‘ദൃശ്യം 3’ എന്ന സിനിമയിലൂടെ ജോർജ്കുട്ടി വീണ്ടും അടിവരയിടുന്നത്. ഈ സിനിമ സന്ദേശത്തെ ഓർമിപ്പിക്കുന്ന രീതിയിലാണ് സമീപകാല ഇ.ഡി റെയ്ഡിന് പിന്നാലെ കേരള രാഷ്ട്രീയത്തിലും ചില ചലനങ്ങൾ ദൃശ്യമായത്. കേരള രാഷ്ട്രീയത്തിലെ ചാണക്യനായ പിണറായി വിജയനും പറയാനുണ്ടായിരുന്നത് ഇതേ സന്ദേശമാണെന്ന തോന്നൽ ഇത് ജനിപ്പിക്കുന്നു.
കേന്ദ്ര ഏജൻസിയായ ഇ.ഡിയെ പോലും കേരള രാഷ്ട്രീയത്തിെൻറ വേദിയാക്കി മാറ്റാനും, സ്വന്തം അണികളെ ആവേശത്തിലാഴ്ത്തി തെൻറ പ്രതിഛായ അതിവേഗം തിരിച്ചുപിടിക്കാനും അദ്ദേഹത്തിന് സാധിച്ചു. ‘ദൃശ്യം 4’ തുടരും എന്ന സൂചന നൽകും വിധം, മൈക്കിന് മുന്നിൽ ‘ഇനിയും പറയാനുണ്ട്’ എന്ന് പിണറായി പറഞ്ഞു നിർത്തിയപ്പോൾ ഉയർന്നത് പുതിയ രാഷ്ട്രീയ വിവാദങ്ങളാണ്. ഈ രാഷ്ട്രീയ തിരക്കഥയുടെ അടിത്തറ ‘ഡീൽ രാഷ്ട്രീയം’ ആണെന്ന പരസ്പര ആരോപണങ്ങളാണ് ഭരണ-പ്രതിപക്ഷങ്ങൾ ഇപ്പോൾ ഉയർത്തുന്നത്. എന്നാൽ കേരള ജനത മനസ്സിലാക്കേണ്ടത് മറ്റൊന്നാണ്; മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ കാത്തുനിൽക്കുന്ന കുറുക്കന്മാരുടെ രാഷ്ട്രീയമാണിത്. കേരളവും അവരുടെ ലക്ഷ്യപട്ടികയിൽ ഉണ്ടെന്ന തിരിച്ചറിവോടെയുള്ള ജാഗ്രതയാണ് ജനങ്ങൾക്ക് ഉണ്ടാകേണ്ടത്.
ഒരു കോടി രൂപ നൽകി യാചനയാത്ര ആരംഭിച്ച ബോബി ചെമ്മണ്ണൂരിനൊപ്പം ചേർന്ന്, റഹീമിെൻറ ജീവൻ രക്ഷിക്കാൻ കോടികൾ സമാഹരിച്ച മലയാളികൾ കാണിച്ച മനുഷ്യത്വവും ഐക്യവുമാണ് കേരളത്തിെൻറ യഥാർഥ ശക്തി. ആ ഹാർമണിയും ഒരുമയും നിലനിർത്താൻ മലയാളികൾക്ക് കഴിയണം.
ഇവിടെ അരങ്ങേറുന്ന രാഷ്ട്രീയ തിരക്കഥകൾ ഏതായാലും, അതിെൻറ ക്ലൈമാക്സിൽ ജയിക്കേണ്ടത് അതിെൻറ സംവിധായകരോ നിർമാതാക്കളോ ആയിരിക്കരുത്. തിരശ്ശീലക്ക് പിന്നിൽ നടക്കുന്ന ഇത്തരം രാഷ്ട്രീയ കളികളെ കൃത്യമായി തിരിച്ചറിയുന്ന പ്രബുദ്ധമായ ഒരു ജനതയായിരിക്കണം എന്നും കേരളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

