മതനിരാസം വളർത്തുന്നവരെ കരുതിയിരിക്കുക -അബ്ദുസ്സലാം മൗലവി കിഴിശ്ശേരി
text_fields‘ഉത്തമ സമൂഹം: കടമയും കടപ്പാടും’ വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ അബ്ദുസ്സലാം മൗലവി കിഴിശ്ശേരി സംസാരിക്കുന്നു
ജിദ്ദ: സമൂഹത്തിൽ മതനിരാസം വളർത്തി മയക്കു മരുന്ന് ലോബിയെ സഹായിക്കുന്ന ദുശ്ശക്തികളെ കരുതിയിരിക്കണമെന്ന് അബ്ദുസ്സലാം മൗലവി കിഴിശ്ശേരി അഭിപ്രായപ്പെട്ടു. ‘ഉത്തമ സമൂഹം: കടമയും കടപ്പാടും’ വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരിൽ സമൂഹത്തിന്റെ സമ്പത്തും അഭിമാനവും കൊള്ളയടിക്കുന്ന പൗരോഹിത്യത്തിന്റെ ചതിക്കുഴികളെ സൂക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാസമരം നടത്തുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റ പത്താമത് സമ്മേളനം കോഴിക്കോട് സ്വപ്നനഗരിയിൽ സംഘടിപ്പിച്ചിരിക്കുന്നത് വലിയ ലക്ഷ്യങ്ങളെ മുൻനിർത്തിയാണെന്ന് അദ്ദേഹം സദസ്യരെ ഉണർത്തി. മതനിരാസ ചിന്തകൾ, ധാർമിക സദാചാരവിരുദ്ധ ചിന്തകൾ എന്നിവ സമൂഹത്തിൽ പടരുന്നതിനെതിരെ വൈജ്ഞാനികമായ പ്രതിരോധം തീർക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.
സമൂഹത്തിൽ പടരുന്ന വർഗീയ, വിഭാഗീയ ചിന്തകൾക്കെതിരെ പുതു തലമുറയെ ബോധവത്കരിക്കുക എന്നുള്ളതും സമ്മേളനത്തിന്റെ ലക്ഷ്യങ്ങളിൽപെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ സ്ത്രീശാക്തീകരണത്തിനും മതേതരത്വത്തിനും പ്രത്യേകം ഊന്നൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും അബ്ബാസ് ചെമ്പൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

