റംലാബീഗത്തിെൻറ ഓർമകൾക്ക് മൂന്നാണ്ട്: ഗുരുവിെൻറ മനോഹര സ്മരണകളുമായി പ്രിയശിഷ്യ ‘ബീഗം ഖദീജ’ സൗദിയിൽ
text_fieldsബീഗം ഖദീജ
ദമ്മാം: ആറു പതിറ്റാണ്ടുകാലം കഥ പറഞ്ഞും പാടിയും മലയാളി ആസ്വാദക ഹൃദയങ്ങളെ ത്രസിപ്പിച്ച കഥാപ്രസംഗ കലയിലെ അതുല്യ പ്രതിഭ റംലാബീഗം വിടവാങ്ങിയിട്ട് മൂന്ന് വർഷം തികയുന്നു. 1963-ലെ ജീലാനി ദിനത്തിൽ ആലപ്പുഴ കാക്കാഴം പള്ളി ഉറൂസിൽ ‘ബദറുൽ മുനീർ ഹുസ്നുൽ ജമാൽ’ എന്ന പ്രണയകാവ്യം കഥാപ്രസംഗമായി അവതരിപ്പിച്ച്, യാഥാസ്ഥിതിക ബോധങ്ങളെ വെല്ലുവിളിച്ച് കലാരംഗത്ത് ജൈത്രയാത്ര തുടങ്ങിയ റംലാബീഗത്തിെൻറ ജീവിതകഥ അവസാനിച്ചത് 2023 സെപ്റ്റംബർ 27-നായിരുന്നു.
മലയാളത്തിലെ ഒരു കാലഘട്ടത്തെ മുഴുവൻ കവർന്ന ആ മഹാകലാകാരിക്കൊപ്പം രണ്ട് പതിറ്റാണ്ടിലേറെ ഒന്നിച്ചുസഞ്ചരിച്ച പ്രിയശിഷ്യ ബീഗം ഖദീജ, ഗുരുവിെൻറ മനോഹരമായ ഓർമകളും പേറി കഴിഞ്ഞ 33 വർഷമായി സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവാസജീവിതം നയിക്കുകയാണ്.
ആലപ്പുഴ സക്കറിയാ ബസാറിലെ അബ്ദുൽ കരീം-ഉമൈബാൻ ദമ്പതികളുടെ അഞ്ചുമക്കളിൽ നാലാമത്തവളായ ഖദീജ തെൻറ 13-ാം വയസ്സിലാണ് റംലാബീഗത്തിെൻറ സംഘത്തോടൊപ്പം ചേരുന്നത്. റംലയുടെ അകന്ന ബന്ധുകൂടിയായ ഖദീജക്ക് ചെറുപ്പത്തിലേ മികച്ച ആലാപനശേഷിയുണ്ടായിരുന്നു.
മകൾ പാടുന്നത് റംലാബീഗത്തിെൻറ സ്വരത്തിന് സമാനമാണെന്ന് ചുറ്റുമുള്ളവർ പറഞ്ഞതോടെ, പിതാവ് തന്നെ ഖദീജയെ റംലയുടെ ‘കർബലാ രക്തക്കളം’ കഥാപ്രസംഗത്തിെൻറ റിഹേഴ്സൽ ക്യാമ്പിലെത്തിച്ചു. താൻ ഏറെ ആരാധിക്കുന്ന കാഥികയെ നേരിട്ട് കണ്ട കൗതുകത്തിൽ നിൽക്കുകയായിരുന്ന ഖദീജയോട്, റംലാബീഗത്തിെൻറ ഭർത്താവ് സലാം മാസ്റ്റർ ഒരു പാട്ട് പാടാൻ ആവശ്യപ്പെട്ടു.
ഖദീജയുടെ ആകർഷകമായ സ്വരവും താളബോധവും ഇഷ്ടപ്പെട്ട സലാം മാസ്റ്റർ, അവളോട് ഇനി എങ്ങോട്ടും പോകരുതെന്നും റംലയോടൊപ്പം നിൽക്കണമെന്നും നിർദ്ദേശിക്കുകയായിരുന്നു. അവിടെനിന്ന് തുടങ്ങിയ ആ ബന്ധം തടസ്സങ്ങളില്ലാതെ 20 വർഷത്തോളം നീണ്ടുനിന്നു. കേരളത്തിലുടനീളവും മുംെബെ, കൽക്കത്ത, ഡൽഹി, ബാംഗ്ലൂർ തുടങ്ങിയ വൻനഗരങ്ങളിലും റംലാബീഗത്തോടൊപ്പം സഞ്ചരിച്ച ഖദീജ, കഥാപ്രസംഗങ്ങൾക്ക് പല്ലവികൾ പാടിയും ഇടവേളകളിൽ ഗാനങ്ങൾ ആലപിച്ചും കൂടെത്തന്നെയുണ്ടായിരുന്നു.
17-ാം വയസ്സിൽ വിവാഹിതയായെങ്കിലും കേവലം ഏതാനും വർഷങ്ങൾക്കുള്ളിൽ ആ ദാമ്പത്യം തകർന്നു. ആ പ്രതിസന്ധിക്കാലത്ത് ഒറ്റപ്പെട്ടുപോയ ഖദീജക്ക് തുണയായത് റംലാബീഗവും സംഘവുമായിരുന്നു. അന്ന് പരിപാടികളിൽ നിന്ന് ലഭിച്ചിരുന്ന 25 രൂപയോളം വരുന്ന തുക ഖദീജയുടെ വലിയ കുടുംബത്തിന് വലിയൊരാശ്വാസമായിരുന്നു.
ജീവിതത്തോട് പടവെട്ടി മുന്നേറിയ ഖദീജ പിന്നീട് പ്രവാസത്തിെൻറ വഴിയേ സൗദിയിലെത്തി. വർഷങ്ങളോളം ജിദ്ദയിൽ കഴിഞ്ഞിട്ടും ഇത്രയേറെ അനുഭവസമ്പത്തുള്ള ഒരു ഗായിക തങ്ങൾക്കിടയിലുണ്ടെന്ന് മാപ്പിളപ്പാട്ട് ആസ്വാദകർ അറിഞ്ഞിരുന്നില്ല. ഒടുവിൽ 2018-ൽ ജിദ്ദയിലെ മാപ്പിളപ്പാട്ട് സംഘാടകരായ മുസ്തഫ മലയിലും നൂഹ് ബീമാപള്ളിയും ഖദീജയുടെ താമസസ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് റംലാബീഗത്തോടൊപ്പമുള്ള അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയുന്നത്.
റംലാബീഗത്തിെൻറ കഥാപ്രസംഗങ്ങളിലെ ഗാനങ്ങൾ ഖദീജ അതേ തനിമയോടെ പാടുന്നത് കേട്ട് അത്ഭുതപ്പെട്ട സംഘാടകർ, ജിദ്ദയിൽ ഒരു ‘റംലാബീഗം നൈറ്റ്’ സംഘടിപ്പിക്കാമെന്നും അതിൽ ഖദീജയെ പ്രധാന ഗായികയാക്കാമെന്നും വാഗ്ദാനം ചെയ്തു. എന്നാൽ, ഗുരു ജീവിച്ചിരിക്കുമ്പോൾ അത്തരമൊരു വേദി ഏറ്റെടുക്കാൻ ഖദീജ തയ്യാറായില്ല. പകരം, റംലാബീഗത്തെ സൗദിയിലേക്ക് കൊണ്ടുവരാനുള്ള വിസ നൽകിയാൽ ബാക്കി എല്ലാ കാര്യങ്ങളും താൻ നോക്കിക്കൊള്ളാമെന്ന് ഖദീജ ഉറപ്പുനൽകി.
തുടർന്ന്, മകൾ റസിയയോടൊപ്പം 2018 ഡിസംബർ അവസാനവാരം റംലാബീഗം ജിദ്ദയിലെത്തി. വിമാനത്താവളത്തിൽ ഇറങ്ങിയതുമുതൽ ഒരു മകളെപ്പോലെ ഖദീജ ഗുരുനാഥക്ക് തണലായി കൂടെനിന്നു. ജിദ്ദയിലെയും റിയാദിലെയും വിവിധ പരിപാടികളിൽ പാടിയ റംലാബീഗം ഉംറ നിർവഹിക്കുകയും മദീന സന്ദർശിക്കുകയും ചെയ്തു.
പ്രവാസികളുടെ ഹൃദയം കവർന്ന ആ ഗൾഫ് പര്യടനത്തിന് ശേഷം മടങ്ങുമ്പോൾ, ‘ഇനി ഈ പുണ്യ മണ്ണിലേക്ക് ഒരു മടക്കമുണ്ടാകുമോ എന്ന് അറിയില്ല’ എന്ന് റംലാബീഗം ആത്മഗതം ചെയ്തത് ഇന്ന് സങ്കടത്തോടെ ഖദീജ ഓർക്കുന്നു. റംലാബീഗത്തിെൻറ മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ആശുപത്രി കിടക്കയിൽ അവരെ കാണാൻ ഖദീജ എത്തിയിരുന്നു.
പ്രിയശിഷ്യയുടെ നെഞ്ചിലേക്ക് ചാരിയിരുന്ന്, തനിക്ക് ഏറെ പ്രിയപ്പെട്ട ‘ഉരുലോക ജയമണി നബിയുള്ള’ എന്ന ഗാനം പാടാൻ റംലാബീഗം ആവശ്യപ്പെട്ടു. ആ പാട്ട് കേട്ട് താളം പിടിച്ച് നെഞ്ചിൽ ചാരിയുറങ്ങിയ ഗുരുവിെൻറ രൂപമാണ് ഖദീജയുടെ മനസ്സിലെ അവസാനത്തെ ഓർമച്ചിത്രം. ഏക മകൾ സാബിറ നാട്ടിൽ നീലേശ്വരത്ത് കുടുംബസമേതം താമസിക്കുമ്പോൾ, ഓർമകളുടെ കൂട്ടുകൂട്ടി ഖദീജ ഇപ്പോഴും ജിദ്ദയിൽ ജീവിതം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

