വർഷം മുഴുവൻ നീളുന്ന ടൂറിസം കേന്ദ്രമാകുന്നു
text_fieldsജീസാൻ ബീച്ചുകളിൽ ടൂറിസ്റ്റുകൾക്ക് വേണ്ടിയൊരുക്കിയ സൗകര്യങ്ങൾ
ജീസാൻ: മികച്ച സമുദ്ര കാലാവസ്ഥയും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും പ്രയോജനപ്പെടുത്തി ജീസാൻ മേഖലയിലെ ബീച്ചുകളിലേക്ക് വേനൽക്കാലത്ത് സന്ദർശകരുടെ വലിയ ഒഴുക്ക്. വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും ഒരേപോലെ അനുയോജ്യമായ രീതിയിൽ വികസിപ്പിച്ചെടുത്ത ഈ തീരപ്രദേശം ഇന്ന് സൗദി അറേബ്യയിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
ചെങ്കടലിന്റെ മനോഹരമായ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ജിസാനിലെയും പരിസര തീരദേശ ഗവർണറേറ്റുകളിലെയും വാട്ടർഫ്രണ്ടുകൾ വൈകുന്നേരങ്ങളിൽ സന്ദർശകരെക്കൊണ്ട് സജീവമാണ്. നടപ്പാതകളിൽ സവാരി നടത്തുന്നവരും, വൈവിധ്യമാർന്ന ബീച്ച് ഗെയിമുകളിൽ ഏർപ്പെടുന്നവരും, സൂര്യാസ്തമയം ആസ്വദിക്കാനെത്തുന്നവരുമായി വലിയ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. തീരദേശ മേഖലയുടെ വികസനം മുൻനിർത്തി പ്രാദേശിക ഭരണകൂടം നടപ്പാക്കിയ നിരവധി നവീകരണ പ്രവർത്തനങ്ങളാണ് സന്ദർശകരുടെ എണ്ണത്തിലുള്ള ഈ വർധനവിന് പ്രധാന കാരണം. ആധുനിക രീതിയിലുള്ള വിസ്തൃതമായ നടപ്പാതകൾ, കുടുംബങ്ങൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, കുട്ടികൾക്കായുള്ള വിനോദ മേഖലകൾ, മികച്ച ലൈറ്റിംഗ് സംവിധാനങ്ങൾ, മറ്റ് പൊതുസേവന സൗകര്യങ്ങൾ എന്നിവയാണ് പുതിയ വികസന പദ്ധതികളുടെ ഭാഗമായി ഇവിടെ ഒരുക്കിയിരിക്കുന്നത്.
അതിരുകളില്ലാത്ത ചെങ്കടൽ തീരവും, ചുറ്റുമുള്ള പ്രകൃതിഭംഗിയും, അതിനടുത്തായി സ്ഥിതി ചെയ്യുന്ന അപൂർവ്വ സുന്ദരമായ ദ്വീപുകളുമെല്ലാം ജാസാനെ രാജ്യത്തെ തന്നെ മികച്ച പ്രകൃതിദത്ത ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നു.
കേവലം ഒരു വേനൽക്കാല സങ്കേതം എന്നതിലുപരി, വർഷത്തിൽ എല്ലാ സമയത്തും സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമായി ജാസാനെ മാറ്റിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ബന്ധപ്പെട്ട മന്ത്രാലയങ്ങളും ഔദ്യോഗിക വകുപ്പുകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

