ബീച്ച് ക്ലീൻ അപ് ഡ്രൈവ്; ശുചീകരണ യജ്ഞവും പരിസ്ഥിതി അവബോധ കാമ്പയിനും
text_fieldsജുബൈലിൽ നാസർ എസ്. അൽഹജ്രി കോർപറേഷനും (എൻ.എസ്.എച്ച്) ഗൾഫ് ഏഷ്യൻ കോൺട്രാക്ടിങ് കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച 'ബീച്ച് ക്ലീൻ അപ് ഡ്രൈവ്' പരിപാടിയിൽ നിന്ന്
ജുബൈൽ: വിഷൻ 2030 മുന്നോട്ട് വെക്കുന്ന സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായുള്ള ‘ക്ലീൻ സൗദി ഗ്രീൻ സൗദി’ എന്ന പരിപാടി നാസർ എസ്. അൽഹജ്രി കോർപറേഷനും (എൻ.എസ്.എച്ച്) ഗൾഫ് ഏഷ്യൻ കോൺട്രാക്ടിങ് കമ്പനിയും സംയുക്തമായി ‘ബീച്ച് ക്ലീൻ അപ് ഡ്രൈവ്’ എന്ന പേരിൽ സംഘടിപ്പിച്ചു.
ജുബൈൽ നഗരസഭയുമായി സഹകരിച്ച് ജുബൈൽ ബീച്ചിലാണ് ശുചീകരണ യജ്ഞവും പരിസ്ഥിതി അവബോധകാമ്പയിനും സംഘടിപ്പിച്ചത്. ‘നമ്മുടെ ഭൂമിയെ സംരക്ഷിക്കാൻ പരസ്പരം കൈകോർക്കാം’ എന്ന ബാനറിലായിരുന്നു പരിപാടി. ജുബൈൽ മുനിസിപ്പാലിറ്റി ഈവന്റ് ഡയറക്ടർ നവാഫ് അൽ മുത്തൈരി യജ്ഞം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി മലിനീകരണത്തിന്റെ ഭീകരതയെക്കുറിച്ചും വൃത്തിയുടെയും സുസ്ഥിരതയുടെയും പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തിക്കൊണ്ട് പ്രകൃതിയുടെ തനതായ അവസ്ഥ പുനഃസ്ഥാപിക്കാൻ ആവശ്യമായ ശ്രമങ്ങളെ സംബന്ധിച്ചും എൻ.എസ്.എച്ച് ഏരിയ മാനേജർ ടി.സി. ഷാജി വിശദീകരിച്ചു.
ഈ പരിപാടി ആഗോള പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാനുള്ള കൂട്ടായ പ്രവർത്തനത്തിന് മാതൃകയാണ് എന്നും അദ്ദേഹം പറഞ്ഞു. ബോബി പോൾ, വദ അൽസുബൈ തുടങ്ങിവർ സംസാരിച്ചു. നിരവധി തൊഴിലാളികളും, മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.