സൗഹൃദം പൂത്തുലഞ്ഞ തെരുവുകൾ
text_fields1997ലെ റബീഉൽ അവ്വൽ മാസമാണ് റിയാദിൽ വന്നിറങ്ങുന്നത്. ജോലി ബത്ഹയിലെ ഒരു ക്ലിനിക്കിനോട് ചേർന്ന ുള്ള കണ്ണടക്കടയിൽ. അവിടുന്ന് പുറത്തിറങ്ങുന്നത് ആളുകൾ നടക്കുന്ന ഇരുമ്പുപാലത്തിലേക്കാണ്. പാലത്തിൽ നിന്നാൽ ബത് ഹയുടെ എല്ലാ ഭാഗങ്ങളും കാണാം. ആദ്യവെള്ളിയാഴ്ച മഗ്‌രിബ് നമസ്കാരത്തിന് ശേഷം കൂടെ ജോലിചെയ്യുന്ന പട്ടാമ്പിക്കാരൻ ഇബ്രാഹീംകുട്ടി പുറത്തേക്കിറങ്ങി നോക്കാൻ പറഞ്ഞു. പുറത്തിറങ്ങിയപ്പോൾ കണ്ടതാകട്ടെ നാട്ടിലെ മഹാസമ്മേളനത്തിനൊക്കെ ഒത്തുകൂടുന്ന പോലുള്ള ജനസാഗരത്തെ.
അന്നാണെങ്കിൽ റബീഉൽ അവ്വൽ പന്ത്രണ്ടും. ഇന്ന് നബിദിനമായത് കൊണ്ടാകും ഇത്രമാത്രം ആളുകൾ കൂടിയിരിക്കുന്നതെന്ന് ഞാൻ പറഞ്ഞു. നബിദിന പരിപാടിയുടെ സ്റ്റേജ് എവിടെയാണെന്നും ചോദിച്ചു. കേട്ടയുടനെ അദ്ദേഹം ചിരി തുടങ്ങി. അബദ്ധം മനസ്സിലാക്കിയ ഞാനും ചിരിയിൽ ചേർന്നു.സഹോദരിയും കുടുംബവും റിയാദിലുണ്ടായിരുന്നു. താമസം അവർക്കൊപ്പമായതിനാൽ വീട് വിട്ടതിലെ വിഷമമൊന്നും ബാധിച്ചിരുന്നില്ല. രണ്ടു വർഷങ്ങൾക്ക് ശേഷമാണ് ബാച്ചിലർ റൂമിലേക്ക് താമസം മാറിയത്. വാരാന്ത്യത്തിൽ ചങ്ങാതിമാരുടെ മുറിയിലേക്ക് വിരുന്നു പോകും. ആദ്യത്തെ വിരുന്നുപോക്കിലെ ഇന്നും ഓർക്കുന്നൊരു തമാശയുണ്ട്. നീ വിരുന്നു വന്നതിനാൽ ഇന്നിവിടെ സ്പെഷ്യലായി ചിക്കൻ ബിരിയാണിയാണെന്ന് അവിടുത്തെയാൾ പറഞ്ഞു. ഞാനത് വിശ്വസിച്ചു. പിന്നീട് താമസം അവിടുത്തേക്ക് മാറിയപ്പോഴാണ് വെള്ളിയാഴ്ചകളിൽ എല്ലായിടത്തും ബിരിയാണി ഉണ്ടാക്കുമെന്ന് മനസ്സിലായത്.

വാട്സ്ആപ്പും സ്മാർട്ട് ഫോണും ഇല്ലാത്ത കാലം. ഒഴിവുസമയത്ത് ഒന്നിച്ചുള്ളവരുമായി നേരിട്ടുള്ള ചാറ്റിങ്ങാണ് നടന്നിരുന്നത്. കൂട്ടുകാരും സ്വന്തക്കാരുമെല്ലാം ഇടയ്ക്ക് കാണാൻ വരും. കേരള മാർക്കറ്റിലെ കടകളെയും ഹോട്ടലുകളെയും ആശ്രയിച്ചാണ് പലരും ഒത്തുകൂടിയിരുന്നത്. നാട്ടിൽ നിന്നും വരുന്നവരുടെ കൈയിലുള്ള കത്തുകളും മധുരപ്പൊതികളും നാട്ടുവിശേഷങ്ങളും കൈമാറുന്നത് ഇവിടെവെച്ചാണ്. ജീവിതത്തിൽ പകുതിയലധികം ചെലവഴിച്ചത് ബത്ഹയിൽ. 22 വർഷത്തെ പ്രവാസം, താമസവും ജോലിസ്‌ഥലവും ബത്ഹയിൽ തന്നെ. സൗഹൃദങ്ങളേറെയും പൂത്തത് ബത്ഹയിൽ വെച്ചാണ്.
പലരീതിയിൽ സഹായിച്ച, മറക്കാൻ കഴിയാത്ത ഒട്ടേറെ വ്യക്തിത്വങ്ങൾ. ബത്ഹയിന്ന് ആകപ്പാടെ മാറി. സൂപ്പർ, ഹൈപർമാർക്കറ്റുകൾ വന്നതോടെ ഇവിടുത്തെ ചെറിയ കടകളിലേക്ക് ആളുകളുടെ ഒഴുക്ക് കുറഞ്ഞു. എല്ലാം ഒരു കുടക്കീഴിൽ ലഭിക്കുമെന്ന സൗകര്യമുള്ളതിനാൽ ആളുകൾ അത്തരം ഇടങ്ങളെ ആശ്രയിക്കുന്നു. സൗഹൃദങ്ങളെ കൈയെത്തിപ്പിടിക്കാൻ സൈബർസൗകര്യങ്ങൾ നാൾക്കുനാൾ വിപുലപ്പെടുമ്പോൾ ചങ്ങാത്തക്കൂട്ടങ്ങളും സൗഹൃദമൂലകളിൽ നിന്നകന്നു. എങ്കിലും പ്രതീക്ഷാവാക്യമാണല്ലോ എല്ലാം ശരിയാകുമെന്നത്. റിയാദിൽ മെട്രോ ഓടിത്തുടങ്ങുന്നതോടെ ബത്ഹ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്നാണ് ചിലരുടെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
