സൗദിയിൽ വെടിയേറ്റ് മരിച്ച ബഷീറിന്റെ മൃതദേഹം ഖബറടക്കി
text_fieldsകരിപ്പൂർ വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം ഐ.സി.എഫ് പ്രവർത്തകരും
ബന്ധുക്കളും മയ്യിത്ത് നമസ്കാരം നിർവഹിക്കുന്നു
റിയാദ്/കോഴിക്കോട്: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ബീഷിൽ വെടിയേറ്റ് മരിച്ച കാസർകോട് സ്വദേശി ബഷീർ അസൈനാരുടെ മൃതദേഹം ഐ.സി.എഫ് ഭാരവാഹികളും ബന്ധുക്കളും ചേർന്ന് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഏറ്റുവാങ്ങി. വ്യാഴാഴ്ച പുലർച്ചെ മൂന്നിന് ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ ഡൽഹി, ഹൈദരാബാദ് വഴിയാണ് കോഴിക്കോട് എത്തിയത്.
ബഷീർ
രാവിലെ 8.30ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഐ.സി.എഫ് സൗദി നാഷനൽ പ്രസിഡൻറ് അബ്ദുൽ റഷീദ് സഖാഫിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. നമസ്കാരത്തിന് ശേഷം ആംബുലൻസിൽ ജന്മനാട്ടിലേക്ക് കൊണ്ടുപോയി.
ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാൽ ഈ വിമാനം റദ്ദായതിനെ തുടർന്ന് കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താന്റെ ശ്രമഫലമായി ഹൈദരാബാദ് വഴി കോഴക്കോട്ടേക്കുള്ള വിമാനത്തിൽ എത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴിന് കാസർകോട് ബന്തടുക്ക ഏണിയാടി ജുമാ മസ്ജിദിൽ ഖബറടക്കി. ഐ.സി.എഫ് ഭാരവാഹികളായ ബഷീർ ഉള്ളണം, മുജീബ് എ.ആർ നഗർ, ഷാഫി ബാഖവി മീനടത്തൂർ, ജാഫർ താനൂർ, മുഹിയുദ്ധീൻ കുട്ടി സഖാഫി, പി.എം.ആർ. മുജീബ്, അൻസാർ, ഇസ്ഹാഖ്, അബൂമിസ്ബാഹ് അയിക്കരപ്പടി, അഷ്റഫ് പേങ്ങാട്, അബ്ദുറഷീദ് നജ്റാൻ, നിസാമി, ഹസൻ സഖാഫി തറയിട്ടാൽ, അസ്ലം സഅദി തുടങ്ങിയവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
കഴിഞ്ഞ മെയ് 31നാണ് കാസർകോട് സ്വദേശി ഏണിയാടി കുറ്റിക്കോൽ ബഷീർ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബിഷ നഗിയയിൽ ബഷീർ ഓടിക്കുന്ന വാഹനം വൃത്തിയാക്കുന്നതിനിടയിൽ അജ്ഞാതൻ വാഹനത്തിലെത്തി വെടിവെക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപ വാസികൾ എത്തുമ്പോൾ ബഷീർ വാഹനത്തിന് സമീപം വീണു കിടക്കുന്നതാണ് കണ്ടത്. പൊലീസെത്തി ആശുപത്രിയിൽ എത്തിക്കും മുമ്പ് മരിച്ചു. സംഭവത്തിൽ സഊദ് അബ്ദുല്ല അൽ മുഈനി എന്ന സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
ബഷീർ 15 വർഷമായി ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ബിഷ ഐ.സി.എഫ് യൂനിറ്റ് ക്ഷേമകാര്യ സെക്രട്ടറി ആയിരുന്നു. പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി, മാതാവ്: പരേതയായ മറിയുമ്മ, ഭാര്യ: നസ്റീൻ ബീഗം ഉപ്പള, മക്കൾ: മറിയം ഫിദ (ഒമ്പത്), മുഹമ്മദ് ബിലാൽ (ഏഴ്), അബ്ദുല്ല ആദിൽ (രണ്ട്), സഹോദരങ്ങൾ: അബൂബക്കർ കുമ്പക്കോട്, അസൈനാർ കുമ്പക്കോട്, കരീം കുമ്പക്കോട്, റസാഖ് കുമ്പക്കോട്, എം. സുലൈഖ ബെണ്ടിച്ചാൽ, ബീ ഫാത്തിമ കോളിയടുക്കം, എം. ഖദീജ കൊട്ടിയാടി, പരേതയായ സുഹറ ചട്ടച്ചാൽ.
ഐ.സി.എഫ് പ്രവർത്തകൻ അബ്ദുൽ അസീസ് കുന്നുംപുറം, നാഷനൽ സെക്രട്ടറി സിറാജ് കുറ്റ്യാടി, ക്ഷേമകാര്യ സെക്രട്ടറി ലുഖ്മാൻ പാഴൂർ, ഹാരിസ് പട്ല, റിയാദ് ഐ.സി.എഫ് സെക്രട്ടറി ഇബ്രാഹീം കരീം, മുജീബുറഹ്മാൻ സഖാഫി എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലയക്കാനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

