ബഷീർ കടലുണ്ടിയുടെ മരണം: പുണ്യഭൂമിയിൽ ഉമ്മക്ക് സാന്ത്വനമാകാൻ മകൻ വരുന്നു
text_fieldsമക്ക: വിശുദ്ധയാത്രയുടെ നിർവൃതിക്കിടയിൽ ദാരുണമരണമേറ്റുവാങ്ങേണ്ടിവന്ന ഉപ്പയുടെ ഒാർമയിൽ മനം തകർന്നിരിക്കുന്ന ഉമ്മയുടെ കൈപിടിച്ച് അറഫയിലേക്കും മിനായിലേക്കും നടക്കാൻ മകൻ വരുന്നു. കഴിഞ്ഞ ദിവസം മക്കയിലെ താമസകേന്ദ്രത്തിൽ ലിഫ്റ്റ് അപകടത്തിൽ മരിച്ച കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം സ്കൂൾ റിട്ട. അധ്യാപകൻ ബഷീർ കടലുണ്ടിയുടെ മകൻ മുഹ്സിനാണ് (28) ഉമ്മ സാജിതക്ക് സാന്ത്വനമാവാൻ പുണ്യഭൂമിയിലെത്തുന്നത്. യാത്രക്കുള്ള നടപടികൾ പുരോഗമിക്കുകയാണ്. മുംബൈയിലെ സൗദി കോൺസുലേറ്റിൽ യാത്രാരേഖകൾ ശരിയാക്കാൻ നടപടികളായിട്ടുണ്ട്. അതിനുള്ള അപേക്ഷ സമർപ്പിച്ചതായി ജിദ്ദ ഇന്ത്യൻകോൺസുലേറ്റ് വൃത്തങ്ങൾ ഗൾഫ് മാധ്യമത്തോടു പറഞ്ഞു.
എല്ലാ നടപടികളും കഴിഞ്ഞ് ഉടൻ തന്നെ ജിദ്ദയിലിറങ്ങി മുഹ്സിന് മക്കയിലേക്കെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച രാവിലെ മുബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സാധാരണ കേസുകളിൽ ഇൗ സന്ദർഭത്തിൽ ഹജ്ജിന് അനുമതി ലഭിക്കുക സങ്കീർണമാണ്. ഇതൊരു അസാധാരണ സംഭവമായതിനാലാണ് അധികൃതരുടെ ഭാഗത്ത് നിന്ന് അനകൂലനടപടികൾ ഉണ്ടായത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കാണ് ബഷീർമാസ്റ്റർ മക്ക അസീസിയയിലെ താമസകേന്ദ്രത്തിൽ നിലയില്ലാത്ത ലിഫ്റ്റിെൻറ ചേംബറിനുള്ളിൽ വീണ് മരിച്ചത്. അധികൃതരുടെ അനാസ്ഥക്ക് ഇരയാവുകയായിരുന്നു ഇദ്ദേഹം. കൂടുതൽ നിയനടപടികൾ ഉള്ളതിനാൽ മൃതദേഹം ഇതുവരെ ഖബറടക്കിയിട്ടില്ല.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് നിർവഹിക്കാനെത്തിയ ബഷീർമാസ്റ്റർ താമസിച്ചിരുന്ന മുന്നൂറാം നമ്പർ കെട്ടിടത്തിലെ ലിഫ്റ്റ് താഴെ നിലയിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടതായിരുന്നു. പക്ഷെ മൂന്നാം നിലയിൽ സ്വിച്ച് അമർത്തിയപ്പോൾ ഡോർ തുറന്നെങ്കിലും പ്ലാറ്റ് ഫോം ഉണ്ടായിരുന്നില്ല. ഇതറിയാതെ ചേംബറിലേക്ക് കയറിയ മുഹമ്മദ് ബഷീർ താഴേക്ക് പതിക്കുയായിരുന്നു.
ഞായറാഴ്ച ഉച്ചക്കാണ് സംഭവം നടന്നതെങ്കിലും കൂടെയുള്ളവരോ അധികൃതരോ വിവരമറിഞ്ഞിരുന്നില്ല. തെരച്ചിലിനൊടുവിൽ രാത്രി 11 മണിക്ക് സി.സി.ടി. വി കാമറ പരിശോധിച്ചപ്പോഴാണ് അപകട ദൃശ്യം കണ്ടത്. ഭാര്യ സാജിതയോടൊപ്പം ആഗസ്റ്റ് ഒമ്പതിനാണ് അദ്ദേഹം മക്കയിലെത്തിയത്. 11ാം തിയതി ദാരുണമായ അപകടത്തിനിരയായി മരിച്ചു.
സംഭവത്തെ തുടർന്ന് ഉമ്മ മനം തകർന്നിരിക്കയാണെന്നും തനിക്ക് മക്കയിലെത്താൻ സൗകര്യം ചെയ്തുതരണമെന്നും ആവശ്യപ്പെട്ട് മുഹ്സിൻ സംസ്ഥാന സർക്കാറിനും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും നിവേദനം നൽകിയിരുന്നു. രേഖകൾ ശരിയായാൽ മുഹ്സിന് ഉമ്മയോടൊപ്പം ഹജ്ജ് ചെയ്യാൻ സാധിക്കും. പഴഞ്ചൻ കെട്ടിടത്തിൽ ഹാജിമാരെ താമസിപ്പിച്ചതിെൻറ ദുരന്തഫലമാണ് ബഷീർമാസ്റ്ററുടെ മരണമെന്ന് ആരോപണമുയർന്നിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഇൗ സംഭവത്തിൽ ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
