ത്വാഇഫിൽ ബർശൂമി വസന്തം
text_fieldsജിദ്ദ: പഴങ്ങളുടെ പറുദീസയായ ത്വാഇഫിൽ ബർശൂമിയുടെ വിളവെടുപ്പ് കാലം. ത്വാഇഫി ലെത്തുന്നവർക്ക് റോഡരികിലും വീട്ടുമുറ്റങ്ങളിലും തോട്ടങ്ങളിലും മലഞ്ചരിവുകളിലും മുൾച്ചെടികൾക്കു മീതെ ബർശൂമി പഴം നിറഞ്ഞുനിൽക്കുന്നത് കാണാം. തിന്നാൻ രുചിയാണെങ്കിലും തൊട്ടാൽ കൈമുറിയുന്ന മുള്ളാണ് ചെടിയിലും പഴത്തിലും. സൂഖുകളും തെരുവുകളും ബസ്തകളും ഇൗ പഴക്കച്ചവടത്തിെൻറ തിരക്കിലാണിപ്പോൾ. ത്വാഇഫ് ചുരം കയറി എത്തിയാൽ നീണ്ടുകിടക്കുന്ന പഴക്കച്ചവട ബസ്തയിൽ താരം ബർശൂമി തന്നെ. പത്ത് റിയാലാണ് തൊലിയുരിച്ച ഒരു പ്ലേറ്റ് പഴത്തിന് വില. തെക്കൻ അമേരിക്കയിലാണ് ബർശൂമി ചെടിയുടെ ജന്മം. അവിടന്നാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് പടർന്നത്. പൊതുവെ മരുഭൂപ്രദേശങ്ങളിൽ വളരുന്ന ചെടിയാണിത്. പല രാജ്യങ്ങളിലും വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. സൗദി അറേബ്യക്കു പുറമെ യമൻ, ഫലസ്തീൻ, ഇറാഖ്, ലിബിയ, സിറിയ തുടങ്ങിയ വിവിധ രാജ്യങ്ങളിലും സുലഭമാണ്. ത്വാഇഫിെൻറ മണ്ണിൽ തഴച്ചുവളരുന്ന പ്രധാന പഴവർഗങ്ങളിലൊന്നായി ബർശൂമി മാറി.
ഹിജാസിെൻറ, പ്രത്യേകിച്ച് ശഫാ, അൽഹദാ മലഞ്ചരിവുകളിലാണ് ഇത് ധാരാളം വളരുന്നത്. ആദ്യകാലങ്ങളിൽ കൃഷിയിടങ്ങളിലെ അതിരുകളിലായിരുന്നു വെച്ചുപിടിപ്പിച്ചിരുന്നത്. ഇന്നിപ്പോൾ ബർശൂമിക്ക് പ്രിയമേറിയതോടെ കർഷകർ വാണിജ്യാടിസ്ഥാനത്തിൽ കൃഷി നടത്തുന്നു. വേണ്ടത്ര പരിചരണം ആവശ്യമില്ലാത്ത ചെടിയാണിത്. വെള്ളമോ വളമോ ഇല്ലാതെ എവിടെയും തഴച്ചുവളരും. മുള്ളുകളിലും തണ്ടുകളിലും വെള്ളം ദിവസങ്ങളോളം സൂക്ഷിക്കാൻ കഴിയുമെന്ന സവിശേഷതയുമുണ്ട്. വേനലിലാണ് വിളവെടുപ്പ്. എല്ലാ വർഷവും ടൺകണക്കിനാണ് ത്വാഇഫിൽനിന്ന് പരിസര പ്രദേശങ്ങളിലേക്കും രാജ്യത്തിെൻറ വിവിധ മേഖലകളിലേക്കും ബർശൂമി കയറ്റിയയക്കുന്നത്. പുറത്തെ മുള്ളുകളോടുകൂടിയ തോലി ചെത്തിക്കളഞ്ഞശേഷമാണ് സാധാരണ കഴിക്കാറ്. തൊലി അടർത്തിയശേഷം െപട്ടികളിലാക്കിയാണ് വിൽപന. മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള, അകത്ത് ഉറപ്പുള്ള കുരുകളോടുകൂടിയ പഴം സ്വാദിഷ്ടമാണ്. ത്വാഇഫിലേക്ക് എത്തുന്ന വിവിധ റോഡുകൾക്ക് വശങ്ങളിൽ പഴവിൽപന നടത്തുന്ന ബസ്തകളിൽ ബർശൂമിയും കാണാം. സീസണിൽ യാത്രക്കാരും സന്ദർശകരും തീർഥാടകരും വാഹനം നിർത്തി ഇത് വാങ്ങി കൊണ്ടുപോകുക പതിവുകാഴ്ചയാണ്. കച്ചവടക്കാരിലധികവും യുവാക്കളാണ്. മിക്കയിടത്തും തൊലിയുരിച്ചാണ് വിൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
