ബലദിയ കാർഡ്: പരിശീലന ക്ലാസുകളിൽ തിരക്കേറുന്നു
text_fieldsബലദിയ കാർഡിനുള്ള ബത്ഹയിലെ പരിശീലന ക്ലാസിൽ പങ്കെടുക്കുന്നവർ
റിയാദ്: ഭക്ഷണശാലകളിലും മറ്റും ജോലിചെയ്യാൻ ആവശ്യമായ മുനിസിപ്പാലിറ്റി (ബലദിയ) കാർഡ് ലഭിക്കുന്നതിന് പരിശീലന ക്ലാസ് നിർബന്ധമാക്കിയതോടെ പരിശീലന കേന്ദ്രങ്ങളിൽ തിരക്കേറി. ഭക്ഷ്യോൽപാദന, സംഭരണ, വിതരണ മേഖലകളിൽ ജോലിചെയ്യുന്നവർക്ക് ബലദിയ കാർഡ് നിർബന്ധമാക്കിയതാണ് തിരക്കേറാൻ കാരണം. മുമ്പ് ബലദിയ കാർഡ് ലഭിക്കാൻ ആരോഗ്യ പരിശോധന മാത്രമേ ആവശ്യമായിരുന്നുള്ളൂ. എന്നാൽ പുതിയ നിയമപ്രകാരം കാർഡ് ലഭിക്കുന്നതിന് ആരോഗ്യ പരിശോധനക്കൊപ്പം 16 മണിക്കൂർ പരിശീലന ക്ലാസിൽ നിർബന്ധമായും പങ്കെടുക്കണം.
ദിവസം നാല് മണിക്കൂർ വീതമുള്ള ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തുടർച്ചയായ നാല് ദിവസത്തെ പരിശീലനശേഷം ഓൺലൈൻ വഴി പരീക്ഷ നടത്തും. ഇത് പാസാകുന്നവർക്കാണ് ട്രെയിനിങ് സർട്ടിഫിക്കറ്റിനൊപ്പം മൂന്നു വർഷകാലാവധിയുള്ള കാർഡ് ലഭിക്കുക. മക്ക, ജിദ്ദ, ദമ്മാം, റിയാദ് തുടങ്ങിയ നഗരങ്ങളിൽ ഇതിനുള്ള ട്രെയിനിങ് സെൻററുകൾ തുടങ്ങിയിട്ടുണ്ട്. ഭക്ഷണ നിർമാണ മേഖല, റസ്റ്റാറൻറ്, കോഫി ഷോപ്പുകൾ, വിതരണക്കാർ, വെയർ ഹൗസ് ജീവനക്കാർ തുടങ്ങി ഈ മേഖലയിൽ ജോലിചെയ്യുന്നവർക്ക് മുഴുവൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.
ഇതുകാരണം റിയാദിലെ ബത്ഹ സെൻററിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ രാജ്യക്കാർക്ക് അവരവരുടെ ഭാഷകളിൽ വെവ്വേറെയാണ് ക്ലാസുകൾ നടത്തുക. ദിവസം മൂന്നു ബാച്ചുകളിലാണ് നിലവിൽ ക്ലാസ് സമയം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ എട്ട്, ഉച്ചക്ക് 12, വൈകീട്ട് നാല് എന്നീ സമയങ്ങളിലാണ് ക്ലാസുകൾ നിലവിൽ നടക്കുന്നത്. ട്രെയിനിങ്ങിലേക്ക് ഓൺലൈൻ വഴി ഫീസടച്ചാണ് അപേക്ഷിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

