കോവിഡ് പ്രോട്ടോകോളിലൊതുങ്ങി പെരുന്നാളാഘോഷം
text_fieldsയാംബു: കോവിഡ് കാലത്തെ രണ്ടാമത്തെ ബലിപെരുന്നാൾ ആരോഗ്യസുരക്ഷക്ക് ഭീഷണിയാകാതെ ആഘോഷിച്ച സന്തോഷത്തിലാണ് വിശ്വാസികളെങ്ങും. മഹാമാരിയുടെ പ്രതിസന്ധികാലത്ത് ആരോഗ്യസംരക്ഷണ നിയമങ്ങളും കോവിഡ് മാനദണ്ഡങ്ങളും പൂർണമായി പാലിച്ചായിരുന്നു വിശ്വാസികൾ പള്ളികളിലും ഈദ് ഗാഹുകളിലും പ്രാർഥനക്കെത്തിയത്. മാസ്ക് ധരിച്ചും സാമൂഹികഅകലം പാലിച്ചും തന്നെയായിരുന്നു വിശ്വാസികൾ നമസ്കാരത്തിനായി എത്തിയത്.
മുമ്പെങ്ങുമില്ലാത്തവിധം സുരക്ഷ ഉദ്യോഗസ്ഥരാണ് ഇത്തവണ പള്ളികളിലും ഈദ് ഗാഹുകളിലും നിലയുറപ്പിച്ചത്. ആരാധകരുടെ സുരക്ഷ ഉറപ്പാക്കാൻ വിവിധ പൊലീസ് വിഭാഗങ്ങൾ വളരെ നേരത്തേതന്നെ എല്ലാ പള്ളികൾക്കരികെയും പ്രാർഥന നടക്കുന്ന പ്രദേശത്തും എത്തിയിരുന്നു. യാംബുവിൽ ഒരുക്കിയ ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടക്കുന്ന പള്ളികൾക്കരികെയും ഗവർണറേറ്റിലെ പൊലീസ്, ട്രാഫിക് പൊലീസ്, സുരക്ഷ പട്രോളിങ് വിഭാഗം എന്നിവർ ഒരുക്കിയ സുരക്ഷ സംവിധാനങ്ങൾ വിശ്വാസികൾക്ക് വലിയ ആശ്വാസമായി.
യാംബു ഗവർണർ സഅദ് ബിൻ മർസൂഖ് അൽ-സുഹൈമിയും സർക്കാർ, സൈനിക വകുപ്പുകളുടെ ഡയറക്ടർമാരും ടൗണിലെ ഈദ് ഗാഹിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ പങ്കുകൊണ്ടു. ലോകം അനുഭവിക്കുന്ന മഹാമാരിയുടെ പ്രതിസന്ധിയിൽനിന്ന് മോചനം ലഭിക്കാനും സുരക്ഷിതമായ അന്തരീക്ഷം എങ്ങും സംജാതമാകാനും നമസ്കാരത്തിന് നേതൃത്വം നൽകിയ ഇമാമുമാർ പ്രാർഥന നടത്തി. ലോകത്തെ വിവിധ രാജ്യങ്ങളിൽ മുസ്ലിംകൾ അനുഭവിക്കുന്ന പീഡനങ്ങളിൽനിന്ന് സുരക്ഷക്കായും ഓരോ ഇമാമും പ്രത്യേകം പ്രാർഥന നടത്തിയുമാണ് പെരുന്നാൾ നമസ്കാരത്തിന് വിരാമം കുറിച്ചത്.
ബലിയറുത്തത് 60,000 ആടുകൾ
ജിദ്ദ: ഇൗ വർഷം ഹജ്ജ് വേളയിൽ ബലിയറുത്തത് 60,000ത്തിലധികം ആടുകളെ. ഹജ്ജ് സീസൺ ബലിമാംസ പദ്ധതിയായ 'അദാഹി'ക്ക് കീഴിലാണ് ബലിയറുക്കൽ നടന്നത്. 10 ദശലക്ഷം ചതുരശ്രമീറ്റർ വിസ്തീർണത്തിൽ എട്ട് അറവ് ശാലകളാണുള്ളത്. ഇതിൽ ഏഴെണ്ണം ആടുകൾക്കാണ്. ഹജ്ജുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഇലക്ട്രാണിക് സംവിധാനവുമായി പദ്ധതിയെ ബന്ധിപ്പിച്ചിരുന്നു. ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് ബലിക്കുള്ള കൂപൺ വിതരണം, പണം അടക്കൽ തുടങ്ങിയ നടപടികൾ പൂർത്തീകരിച്ചത്. ഹജ്ജ് വേളയിലെ ബലിമാംസം കുറ്റമറ്റ രീതിയിൽ ഉപയോഗപ്പെടുത്താനും വിതരണം ചെയ്യാനും ഏതാനും വർഷങ്ങൾക്ക് മുമ്പാണ് 'അദാഹി' പദ്ധതി ആരംഭിച്ചത്. മക്കയിലേയും രാജ്യത്തെ വിവിധ മേഖലകളിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് വിതരണം ചെയ്തശേഷം ബാക്കിയുള്ള മാംസം ദരിദ്രരാജ്യങ്ങളിലേക്ക് കയറ്റി അയക്കാറാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

