ജിദ്ദ ഐഡിങ് -ബി.ആർ.സി ബാഡ്മിന്റൺ: ബി.ആർ.സി.ഡയർ ഡബിൾസ് ജേതാക്കൾ
text_fieldsജിദ്ദയിൽ നടന്ന ഐഡിങ് - ബി.ആർ.സി ബാഡ്മിന്റൺ ടൂർണമെന്റിൽ ജേതാക്കളായ ബി.ആർ.സി.ഡയർ ഡബിൾസ് ടീം ട്രോഫിയുമായി
ജിദ്ദ: കോഴിക്കോട് തെക്കേപ്പുറത്തുകാരുടെ ജിദ്ദയിലെ കൂട്ടായ്മയായ ബി.ആർ.സി. ജിദ്ദ സംഘടിപ്പിച്ച രണ്ടാമത് ഐഡിങ് -ബി.ആർ.സി. ബാഡ്മിന്റൺ ടൂർണമെന്റിൽ ബി.ആർ.സി.ഡയർ ഡബിൾസ് ടീം ചാമ്പ്യന്മാരായി. ജിദ്ദയിലെ അഫാഖ് ഇന്റർനാഷനൽ സ്കൂളിൽ വെച്ചായിരുന്നു മത്സരം.
ടൂർണമെന്റിൽ ബി.ആർ.സി. ഡയർ ഡബിൾസ് (ക്യാപ്റ്റൻ നിഹാദ്), ബി.ആർ.സി. കോർട്ട് കിങ്സ് (ക്യാപ്റ്റൻ സാജിദ്), ബി.ആർ.സി. ഷട്ടിൽ റോക്കേർസ് (ക്യാപ്റ്റൻ ഹാഫിസ്) എന്നീ ടീമുകൾ റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ രണ്ടു തവണ പരസ്പരം മത്സരിച്ചു. ലീഗ് റൗണ്ടിൽ തുല്യ പോയന്റ് വീതം നേടിയപ്പോൾ നറുക്കെടുപ്പിലൂടെ ഡയർ ഡബിൾസും കോർട്ട് കിങ്സും ഫൈനലിൽ പ്രവേശിച്ചു. ശേഷം വാശിയേറിയ ഫൈനലിൽ ഡയർ ഡബിൾസ് നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് കോർട്ട് കിങ്സിനെ പരാജയപ്പെടുത്തി ഐഡിങ് -ബി.ആർ.സി. ബാഡ്മിന്റൺ ചാമ്പ്യന്മാരായി.
ടൂർണമെന്റ് വിജയികൾക്കുള്ള ട്രോഫിയും സമ്മാനങ്ങളും മുൻ പ്രസിഡന്റ് ലുഖ്മാൻ റസാഖ്, മുൻ ബി.ആർ.സി. മെംബർ ആദം, നിലവിലെ മെംബർമാരായ ഇക്ബാൽ, ദിൽകർ, സിനാനി, ഉമ്മർ സച്ചിൻ എന്നിവർ വിതരണം ചെയ്തു. ജലീൽ, ജബ്ബാർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. സെക്രട്ടറി ഫഹീം ബഷീർ, സാബിഖ്, വസീം, മുഹമ്മദ് യഹ് യ, യാസിദ്, അഫ്ഫാൻ നിയാസ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

