ഡിഫ സൂപ്പർ കപ്പിൽ ബദർ-ഇ.എം.എഫ് കലാശപ്പോരാട്ടം ഇന്ന്
text_fieldsഡിഫ സൂപ്പർ കപ്പ് സെമി ഫൈനൽ താരങ്ങളുമായി ചലച്ചിത്ര നിർമാതാവ് ജോളി ലോനപ്പൻ പരിചയപ്പെടുന്നു
ദമ്മാം: ഒരു മാസമായി ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ റാക്കയിലെ സ്പോർട്ട് യാർഡ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഡ്രീം-ഡെസ്റ്റിനേഷൻസ് ഡിഫ സൂപ്പർ കപ്പിന്റെ ഫൈനൽ പോരാട്ടം വെള്ളിയാഴ്ച നടക്കും. കംഫർട്ട് ട്രാവൽസ് ബദർ എഫ്.സി ദമ്മാം, അൽ-അൻഷാത് സ്ക്രാപ് ഡീലേഴ്സ് ഇ.എം.എഫ് റാക്ക എഫ്.സിയുമായി ഏറ്റുമുട്ടും. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ഫ്ലൈസഡ് ട്രാവൽസ് മാഡ്രിഡ് എഫ്.സിയെ സഡൻ ഡത്തിൽ മറികടന്നാണ് ഇ.എം.എഫ് റാക്ക ഫൈനലിലേക്ക് കടന്നത്.
ആദ്യ പകുതിയിൽ പ്ലേമേക്കർ അബുവും ഇർഫാനും നേടിയ രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്ന മാഡ്രിഡിനെതിരെ രണ്ടാം പകുതിയിൽ ദിൽഷാദിന്റെയും ക്യാപ്റ്റൻ ജാബിറിന്റെയും ഗോളുകൾക്ക് ഇ.എം.എഫ് സമനില പിടിച്ചു. ടൈബ്രേക്കറിൽ ഇരുടീമുകളും അഞ്ചു വീതം ഗോളുകൾ നേടി വീണ്ടും പോരാട്ടം ഒപ്പത്തിനൊപ്പം നിന്നപ്പോൾ സഡൻ ഡത്തിൽ ആദ്യ കിക്കെടുത്ത അബുവിന് പിഴച്ചു. നിർണായക കിക്ക് ഗോളാക്കി ദിൽഷാദിലൂടെതന്നെ ഇ.എം.എഫ്, തുടർച്ചയായി രണ്ടാം തവണയും ഡിഫ സൂപ്പർ കപ്പിന്റെ കലാശപ്പോരാട്ടത്തിലേക്ക് പൊരുതിക്കയറി. ഇ.എം.എഫിനായി കളം നിറഞ്ഞ് കളിച്ച ദിൽഷാദ് തന്നെയായിരുന്നു മത്സരത്തിലെ മികച്ച താരം. രണ്ടാം സെമിയിൽ ഗാലോപ്പ് യുനൈറ്റഡ് എഫ്.സിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് മറികടന്നാണ് കംഫർട്ട് ട്രാവൽസ് ബദർ എഫ്.സി ഡിഫ കപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചത്. സനൂജ് മാൻ ഓഫ് ദ മാച്ചായി.
ചലച്ചിത്ര നിർമാതാവ് ജോളി ലോനപ്പൻ, സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടൻ, കെ.എം.സി.സി ദമ്മാം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ, നവോദയ സ്പോർട്സ് വിങ് കൺവീനർ നൗഫൽ പൊന്നാനി, നവയുഗം പ്രതിനിധി മണിക്കുട്ടൻ, കസവ് കൂട്ടായ്മ പ്രതിനിധി അമീറലി, വേൾഡ് മലയാളി കൗൺസിൽ പ്രതിനിധി മൂസക്കോയ, സിജിയുടെ നൗഫൽ തെക്കേപ്പുറം എന്നിവർ കളിക്കാരുമായി പരിജയപ്പെട്ടു. അലൻ ഗ്രൂപ് ഡയറക്ടർ കെ.പി. ഹുസൈൻ, യനാമ ട്രേഡിങ് ജനറൽ മാനേജർ അമീർ സുൽത്താൻ, റോമാ കാസ്റ്റിൽ ട്രേഡിങ് ജനറൽ മാനേജർ സുലൈമാൻ രാമനാട്ടുകര, സീബ്രിസ് കാർഗോ മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഫിർദൗസ്, ചോക്കോ നട്ട് സ്വീറ്റ്സ് പ്രതിനിധി ശൈഖ് മുഹമ്മദ്, സാജിദ് ചേന്ദമംഗല്ലൂർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ഡിഫ പ്രസിഡന്റ് മുജീബ് കളത്തിൽ, ടൂർണമെന്റ് കൺവീനർ റഫീഖ് കൂട്ടിലങ്ങാടി, ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളായ വിൽഫ്രഡ് ആൻഡ്രൂസ്, സക്കീർ വള്ളക്കടവ്, ഷനൂബ് കൊണ്ടോട്ടി, മൻസൂർ മങ്കട, ലിയാഖത്തലി, സഹീർ മജ്ദാൽ, മുജീബ് പാറമ്മൽ, ഖലീൽ റഹ്മാൻ, സഫീർ മണലോടി, റിയാസ് പറളി, ജാബിർ ഷൗക്കത്ത്, ആശി നെല്ലിക്കുന്ന് എന്നിവർ നേതൃത്വം നൽകി.