അസീർ ഫ്രറ്റേണിറ്റി ഫെസ്റ്റ് സെപ്റ്റംബർ രണ്ടു മുതൽ
text_fieldsഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ‘ഫ്രറ്റേണിറ്റി ഫെസ്റ്റ് 2022’ പ്രഖ്യാപനം ഖമീസ് മുശൈത്തിൽ ഭാരവാഹികൾ നടത്തുന്നു
അബഹ: കോവിഡാനന്തരം പ്രവാസിസമൂഹത്തിന്റെ മാനസികവും ശാരീരികവുമായ ഉന്മേഷം തിരിച്ചുകൊണ്ടു വരുകയും പുതിയ സാഹചര്യത്തിനനുസരിച്ച് സഞ്ചരിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അസീർ മേഖലയിൽ സെപ്റ്റംബർ രണ്ടു മുതൽ 23 വരെ 'ഫ്രറ്റേണിറ്റി ഫെസ്റ്റ് 2022' സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കോവിഡിന്റെ അലയൊലികൾ ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത സാഹചര്യത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ മുഴുവൻ ആളുകളെയും ആരോഗ്യകരമായ മാനസിക-ശാരീരിക അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരുക എന്നതാണ് ഫെസ്റ്റുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഉർദു സംസാരിക്കുന്നവർക്ക് മാത്രമായി സെപ്റ്റംബർ രണ്ടിന് നടക്കുന്ന 'ഫ്രീഡം ഫെസ്റ്റ് 22' എന്ന സാംസ്കാരികപരിപാടിയോടെയാണ് ഫെസ്റ്റിന് തുടക്കമാവുക. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്പോർട്സ് ഫെസ്റ്റ് ഒമ്പതാം തിയ്യതി ഖമീസ് മുശൈത്തിലെ ദമക് സ്പോർട്സ് സ്റ്റേഡിയത്തിൽ നടക്കും. വടംവലി, പെനാൽറ്റി ഷൂട്ടൗട്ട്, ഉറിയടി തുടങ്ങിയ മത്സരങ്ങൾ നടക്കും.
സെപ്റ്റംബർ 23ന് കുടുംബങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കൾചറൽ ഫെസ്റ്റ് അബഹ വിമാനത്താവളത്തിനടുത്തുള്ള ഫഖാമ ഓഡിറ്റോറിയത്തിൽ നടക്കും. ആക്സസ് ഇന്ത്യ സീനിയർ റിസോഴ്സ് പേഴ്സനും പ്രിൻസ് സത്താം യൂനിവേഴ്സിറ്റി അധ്യാപകനുമായ ഇസ്മായിൽ മാസ്റ്റർ അവതരിപ്പിക്കുന്ന പ്രവാസി മോട്ടിവേഷനൽ പ്രോഗ്രാം പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കും സ്ത്രീകൾക്ക് പ്രത്യേകമായും വിവിധ ഗെയിമുകളും ഇൻഡോർ മത്സരങ്ങളുമുണ്ടാവും. പുഡിങ് ക്വീൻ, കോൽക്കളി, ഗാനസന്ധ്യ എന്നീ പരിപാടികളും കൾചറൽ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
അസീറിലെ വിവിധ സംഘടന പ്രതിനിധികളും വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ ഫെസ്റ്റിന് സമാപനമാകുമെന്നും ഭാരവാഹികളായ മുഹമ്മദ് കോയ ചേലേമ്പ്ര, മുനീർ ചക്കുവള്ളി, അഷ്‌കർ വടകര, യൂനുസ് അൽ സൂദ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

