ലിറ്റിൽ ആർട്ടിസ്റ്റ് സീസൺ ത്രീ വിജയികൾക്ക് സമ്മാനവിതരണം
text_fieldsതറവാട് കുടുംബകൂട്ടായ്മ ലിറ്റിൽ ആർട്ടിസ്റ്റ് സീസൺ ത്രീ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ, ‘ബിസിനസ് ഫിലാന്ത്രോപിസ്റ്റ്’ അവാർഡ് അബ്ദുൽ മജീദ്
ബദറുദീന് സമ്മാനിക്കുന്നു
റിയാദ്: തറവാട് കുടുംബകൂട്ടായ്മ സംഘടിപ്പിച്ച ലിറ്റിൽ ആർട്ടിസ്റ്റ് സീസൺ ത്രീ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റിയാദിലെ റെയ്ദ് പ്രൊ കോർട്ടിൽ നടത്തിയ ചിത്രരചന മത്സരത്തിൽ നാലു വിഭാഗങ്ങളിലായി അറുനൂറിലധികം കുട്ടികൾ പങ്കെടുത്തിരുന്നു. മുഖ്യ പ്രായോജകരായ ഫൺബോയുടെ സാമഗ്രികളാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുക്കാൻ ഉപയോഗിച്ചത്. മത്സരക്കമ്മിറ്റി കൺവീനർ നന്ദു കൊട്ടാരത്ത്, രാജീവ് ഓണാക്കുന്ന് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ഓരോ വിഭാഗത്തിലും മൂന്ന് സ്ഥാനങ്ങളും അഞ്ച് വീതം പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചു. തറവാടിന്റെ കളിവീട്ടിൽ ഒരുക്കിയ വേദിയിൽവെച്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി ഡയറക്ടർ അബ്ദുൽ മജീദ് ബദറുദ്ദീൻ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു. വ്യവസായിക, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ അബ്ദുൽ മജീദ് ബദറുദ്ദീൻ നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് തറവാട് ‘ബിസിനസ് ഫിലാന്ത്രോപിസ്റ്റ്’ അവാർഡ് നൽകി ആദരിച്ചു.
ചിത്രരചന മത്സരത്തിലെ മം ആൻഡ് മി വിഭാഗത്തിൽ ആമിന അമീർ, കിഡോസ് വിഭാഗത്തിൽ ഹംസ ഇർഫാൻ, ചാംപ്സ് വിഭാഗത്തിൽ മാധവി കൃഷ്ണ, മാസ്റ്റേഴ്സ് വിഭാഗത്തിൽ നബീല മാഹീൻ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
തറവാട് കുടുംബാംഗങ്ങളും മത്സരത്തിൽ പങ്കെടുത്ത കുട്ടികളും രക്ഷിതാക്കളും ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിൽ പങ്കെടുത്തു. തറവാട് കാരണവർ എം.പി. ഷിജു അധ്യക്ഷത വഹിച്ചു. കാര്യദർശി ഡോ. മഹേഷ് പിള്ള അവതാരകനായിരുന്നു. കലാകായിക ദർശി ശ്രീകാന്ത് ശിവൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

