മദീനയിൽ തീർഥാടകർക്കായി സൗകര്യങ്ങൾ സജീവമാക്കി അധികൃതർ
text_fieldsമദീന: മസ്ജിദുന്നബവി സന്ദർശനത്തിനും ചരിത്രപ്രസിദ്ധമായ മദീനാ നഗരിയിലെ വിവിധിടങ്ങളിലേക്കുമെത്തുന്ന തീർഥാടകർക്കായി മദീന ഗവർണറേറ്റും വിവിധ സേവന ഏജൻസികളും ചേർന്ന് വിപുലമായ സൗകര്യങ്ങൾ സജ്ജമാക്കി. സന്ദർശകരുടെ വരവ് മുതൽ മടക്കം വരെയുള്ള മുഴുവൻ ഘട്ടങ്ങളിലും സുഗമവും സുരക്ഷിതവുമായ ആത്മീയ അനുഭവം ഉറപ്പാക്കുകയാണ് ഈ സംയോജിത പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
മസ്ജിദുന്നബവിയും അനുബന്ധ മുറ്റങ്ങളും സന്ദർശകർക്കായി സജ്ജമാക്കുന്നതിന് പ്രത്യേക മുൻഗണനയാണ് നൽകിയിരിക്കുന്നത്. ആരാധകരുടെ പ്രവേശനവും പുറത്തുകടക്കലും ക്രമീകരിക്കൽ, ശുചിത്വവും രോഗാണുവിമുക്തമാക്കലും ഉറപ്പാക്കൽ, സംസം കുടിവെള്ള വിതരണം, വിശ്രമമുറികളുടെയും വുളൂഅ് എടക്കുന്ന സ്ഥലങ്ങളുടെയും കൃത്യമായ പരിപാലനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, പള്ളിക്കുള്ളിലെ അത്യാധുനിക ശീതീകരണ സംവിധാനം മുഴുവൻ സമയവും സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. സുരക്ഷാ വിഭാഗങ്ങൾ, ഗതാഗത സംവിധാനങ്ങൾ, മുനിസിപ്പാലിറ്റി, വാണിജ്യ മേഖലയിലെ ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത പ്രവർത്തനമാണ് തീർഥാടകർക്ക് മികച്ച സേവനം നൽകുന്നത്.
നഗരത്തിന്റെ സൗന്ദര്യവത്കരണം, കാൽനട പാതകളുടെ വികസനം, ഹരിത ഇടങ്ങളും തണലുള്ള പ്രദേശങ്ങളും വർധിപ്പിക്കൽ, ലൈറ്റിങ് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയും കുറ്റമറ്റ രീതിയിലാണ് നടപ്പിലാക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാർക്കായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, മാർക്കറ്റുകൾ, മറ്റ് വിശ്രമ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഭക്ഷണ ഗുണനിലവാരവും സേവനങ്ങളും നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘവും രംഗത്തുണ്ട്.
ഖുബാ പള്ളി, ഉഹ്ദിലെ ശുഹദാക്കളുടെ മഖ്ബറ, മറ്റ് ചരിത്രപ്രസിദ്ധമായ ആരാധനാലയങ്ങൾ എന്നിവ സന്ദർശിക്കുന്ന തീർഥാടകർക്കായി പ്രദേശത്തെ ചരിത്രങ്ങൾ വ്യക്തമാക്കുന്ന വിവര ബോർഡുകൾ, ദിശാസൂചനകൾ, ഗതാഗത-പൊതു സൗകര്യങ്ങൾ എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവാചകചര്യയും ചരിത്രവും അടുത്തറിയാൻ സഹായിക്കുന്ന വിവിധ മ്യൂസിയങ്ങളും സന്ദർശകർക്കായി മദീനയിൽ സജ്ജമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

