ചെങ്കടലിൽ സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം: തീപിടിത്തം, ജീവനക്കാർ സുരക്ഷിതരെന്ന് അധികൃതർ
text_fieldsറിയാദ്: ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘എൻസെലിയ’ എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായതായി സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിെൻറ മുൻഭാഗത്ത് തീപിടിത്തമുണ്ടായെങ്കിലും, കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
കപ്പലിെൻറയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി ബന്ധപ്പെട്ട അധികൃതർ അടിയന്തര മുൻകരുതലുകളും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വാണിജ്യ കപ്പലുകളുടെയും അവയിലെ ജീവനക്കാരുടെയും സുരക്ഷ ഉറപ്പുനൽകുന്ന അന്താരാഷ്ട്ര നിയമങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇത്തരം ആക്രമണങ്ങളെന്നും വക്താവ് ചൂണ്ടിക്കാട്ടി.
അതേസമയം, യമനികൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നുവെന്ന ഹൂതികളുടെ ആരോപണം സൗദി അറേബ്യ ശക്തമായി തള്ളി. അന്താരാഷ്ട്ര നിയമങ്ങൾക്കും 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കരാറിനും അനുസൃതമായി തങ്ങളുടെ കപ്പലുകളെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് സൗദി ഭരണകൂടം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
യമൻ വിഷയം സംബന്ധിച്ച യു.എൻ പ്രമേയം 2216, ചെങ്കടലിലെ കപ്പൽഗതാഗത സ്വാതന്ത്ര്യവും അവകാശങ്ങളും സംബന്ധിച്ച പ്രമേയം 2722 എന്നിവയുൾപ്പെടെയുള്ള ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ ബന്ധപ്പെട്ട പ്രമേയങ്ങൾ കൃത്യമായി നടപ്പാക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങൾ പൂർണമായി നിറവേറ്റണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

